കളിക്കളത്തില്‍ താരങ്ങള്‍ നേടുന്ന ഗോളുകളോളം തന്നെ കൈയ്യടി നേടാറുണ്ട് അവര്‍ പുറത്തെടുക്കുന്ന സ്‌കില്ലുകളും. റൊണാള്‍ഡീഞ്ഞോയും നെയ്മറും മെസിയും ക്രിസ്റ്റ്യാനോയുമെല്ലാം ഇങ്ങനെ സ്‌കില്‍ കാണിച്ച് നമ്മളെ ഞെട്ടിച്ചിട്ടുണ്ട്. അതുപോലെ ഒരു ആഫ്രിക്കന്‍ താരത്തിന്റെ സ്‌കില്ലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിരിക്കുന്നത്. സൗത്ത് ആഫ്രിക്കന്‍ ഫുട്‌ബോള്‍ ലീഗിലാണ് സംഭവം. മെമലൂദി സണ്‍ഡൗണിന്റെ താരമായ തെംബാ സ്വാനെയെന്ന താരമാണ് കഥയിലെ നായകന്‍.

പൊലക്വാനെ സിറ്റിയുമായി നടന്ന മത്സരത്തിനിടെയാണ് എതിര്‍ പ്രതിരോധതാരത്തെ മൂക്കു കുത്തിച്ച സ്‌കില്‍ സ്വാനെ പ്രയോഗിച്ചത്. സ്വാനെയുടെ ‘ഷിബോബോ’ സ്‌കില്ലില്‍ എതിര്‍താരം ബാലന്‍സ് തെറ്റി തല നിലത്തു കുത്തുന്ന രീതിയിൽ വീഴുകയായിരുന്നു. സംഭവം വൈറലായതോടെ എതിരാളിയോട് ഇങ്ങനെയൊക്കെ ചെയ്യാമോയെന്നാണ് ആരാധകര്‍ താരത്തോട് ചോദിക്കുന്നത്. എതിര്‍താരത്തിന്റെ കഴുത്തൊടിഞ്ഞു പോയിട്ടുണ്ടാകുമെന്നും കളിക്കളത്തില്‍ ഇത്തരം അപകടമുണ്ടാക്കുന്ന താരത്തെ പിടിച്ച് അകത്തിടണമെന്നും ആരാധകര്‍ പറയുന്നു. സീരിയസല്ല, തമാശയായിട്ടാണെന്ന് മാത്രം.

മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയതും സാന്വെയായിരുന്നു. അതിന് ശേഷം താന്‍ എതിര്‍ പ്രതിരോധതാരം എംബൊനാനിയോട് ക്ഷമാപണം നടത്തിയെന്നും സ്വാനെ പറഞ്ഞു. ഇതിനുള്ള മറുപടിയായി തന്നെ അടുത്ത പാദത്തില്‍ ‘എടുത്തോളാമെന്നാണ്’ എംബൊനാനി പറഞ്ഞതായും താരം തമാശയായി കൂട്ടിച്ചേര്‍ത്തു. അതേസമയം, മികച്ചൊരു നീക്കമായിരുന്നെങ്കിലും അതു ഗോളിലേക്കെത്തിക്കാന്‍ കഴിയാത്തതില്‍ സ്വാനെയ്ക്ക് വിഷമമുണ്ട്. മത്സരത്തില്‍ സ്വാനെയുടെ മെമലൂദി സണ്‍ഡൗണ്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വിജയം നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook