അബുദാബി: ഏഷ്യൻ കപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നായാണ് യുഎഇ-ഖത്തർ സെമിഫൈനലിനെ ഫുട്ബോൾ ലോകം ഉറ്റുനോക്കിയത്. കളത്തിലെ മികവ് മാത്രമല്ല ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളും അതിന് കാരണമായി കണക്കാക്കിയിരുന്നു. എന്നാൽ വിചാരിച്ചതിനും അപ്പുറമായിരുന്നു മത്സരത്തിനിടയിലുണ്ടായ സംഭവ വികാസങ്ങൾ.

മത്സരം ആരംഭിക്കുന്നതിന് മുമ്പേ ഖത്തർ താരങ്ങൾക്കെതിരായി എമിറാത്തികൾ ആക്രമണം ആരംഭിച്ചു. ഖത്തറിന്റെ ദേശീയ ഗാനം ആലപിച്ചപ്പോൾ കൂവി വിളിക്കുകയായിരുന്നു യുഎഇ ആരാധകർ ചെയ്തത്. ഇതിന് പിന്നാലെ ആദ്യ ഗോളടിച്ച് മുന്നിലെത്തിയതോടെ ആതിഥേയരുടെ നിയന്ത്രണം വിട്ടു. അവർ ആഹ്ലാദപ്രകടനം നടത്തിയ ഖത്തർ ടീമംഗങ്ങള്‍ക്കെതിരെ ഷൂ ഏറ് നടത്തുകയും ചെയ്തു.

Also Read: എഎഫ്‌സി ഏഷ്യൻ കപ്പ്: ബിഗ് ബാറ്റിൽ ജയിച്ച് ഖത്തർ ഫൈനലിൽ

ലൈംഗിക തൊഴിലാളിയുടെ മകനെന്നാണ് ഖത്തർ താരം അല്‍ മുഈസ് അലിയെ എമറാത്തികള്‍ വിളിച്ചത്. മത്സരത്തിനിടയിൽ പലതവണ ഇത് ആവർത്തിച്ചതോടെ ഖത്തർ താരങ്ങൾ ശരിക്കും മൈതാനത്ത് ഒറ്റപ്പെട്ടുപോയി. എന്നാൽ തളരാൻ തയ്യാറാകാതിരുന്ന ഖത്തറികൾ എതിരില്ലാത്ത നാല് ഗോളുകൾക്ക് യുഎഇയെ പരാജയപ്പെടുത്തുകയും ചെയ്തു.

യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ 2017 ല്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധമാണ് മധ്യേഷ്യയിലെ പിളർപ്പിന് കാരണം. ഇറാന് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുക, അല്‍ ജസീറ ചാനലിനെ നിയന്ത്രിക്കുക തുടങ്ങിയ 13 ഇന ആവശ്യങ്ങളാണ് ഉപരോധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് തയ്യാറാകാതിരുന്ന ഖത്തറിനെ മറ്റ് രാജ്യങ്ങൾ ഒറ്റപ്പെടുത്തുകയായിരുന്നു.

Also Read: സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു; പുതിയ സീസണിൽ നായകൻ സീസൻ

എന്നാൽ മത്സരത്തിനിടയിൽ യുഎഇ ആരാധകരുടെ അതിരുകടന്ന ആവേശത്തിനും പ്രതിഷേധത്തിനുമെതിരെ സാമൂഹിക മാധ്യമങ്ങൾ തിരിച്ചടിക്കുകയാണ്. നിരവധി ആളുകളാണ് ഇതിനോടകം തന്നെ യുഎഇയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ