രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഉദ്ഘാടന ദിവസം തന്നെ മത്സരം വൈകി. കാലാവസ്ഥയോ പരുക്കുകളോ മറ്റു സാങ്കേതിക പ്രശ്നങ്ങളോ അല്ല മത്സരം വൈകാൻ കാരണം. ഗ്രൗണ്ടിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന അതിഥിയാണ്. ആന്ധ്രപ്രദേശും വിദർഭയും തമ്മിലുള്ള മത്സരം ആരംഭിക്കുന്നതിന് നിമിഷങ്ങൾ മുമ്പാണ് ഗ്രൗണ്ടിൽ പാമ്പ് എത്തിയത്.

മത്സരത്തിൽ വിദർഭ നായകൻ ഫയിസ് ഫസസൽ ടോസ് നേടി ആന്ധ്രയ്ക്കെതിരെ ഫീൾഡ് ചെയ്യാൻ തീരുമാനിച്ചു. വിജയവാഡ സ്റ്റേഡിയത്തിൽ താരങ്ങൾ ഫീൾഡിങ്ങിനിറങ്ങുമ്പോഴാണ് പാമ്പിനെ കണ്ടത്. എന്നാൽ പാമ്പിനെ കണ്ട താരങ്ങൾ യാതൊരു കുലുക്കവുമില്ലാതെ ഗ്രൗണ്ടിൽ നിലയുറപ്പിച്ചു. ഗ്രൗണ്ട് സ്റ്റാഫെത്തിയാണ് പാമ്പിനെ തുരത്തിയോടിച്ച് മൈതാനത്തിന് പുറത്തെത്തിച്ചത്.

കഴിഞ്ഞ വർഷത്തെ ചാംപ്യന്മാരാണ് വിദർഭ. ആദ്യദിനമായ ഇന്ന് കേരളത്തിനും മത്സരമുണ്ട്. കഴിഞ്ഞ തവണ സെമിയിൽ തോറ്റ് പുറത്തായെങ്കിലും കരുത്തുകാട്ടിയ കേരളം രഞ്ജിയിൽ പുതിയ കുതിപ്പിനാണ് ശ്രമിക്കുന്നത്. ടൂർണമെന്റിന്റെ പുതിയ സീസണിൽ കിരീടം നേടാമെന്ന പ്രതീക്ഷയിൽ തന്നെയാണ് കേരളം. നാലു ഗ്രൂപ്പുകളിലായി ഇന്ന് പത്ത് മത്സരങ്ങളുണ്ട്. ഗ്രൂപ്പ് എയിൽ കേരളത്തിന്റെ എതിരാളികൾ ശക്തരായ ഡൽഹിയാണ്.

38 ടീമുകളാണ് ഇത്തവണ രഞ്ജിയിൽ നേർക്കുനേർ വരുന്നത്. ഛണ്ഡീഗഡാണ് പുതിയ ടീം. എ, ബി, സി, പ്ലേറ്റ് ഗ്രൂപ്പ് എന്നിങ്ങനെ നാല് ഗ്രൂപ്പുകള്‍. എ,ബി ഗ്രൂപ്പുകളില്‍ നിന്നും മികച്ച പോയിന്റ് ലഭിക്കുന്ന അഞ്ച് ടീമുകള്‍ ക്വാര്‍ട്ടറിലെത്തും. 10 ടീമുകളുള്ള സി ഗ്രൂപ്പില്‍നിന്ന് രണ്ട് ടീമും പ്ലേറ്റ് ഗ്രൂപ്പില്‍നിന്ന് ഒരു ടീം ക്വാര്‍ട്ടറിലെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook