/indian-express-malayalam/media/media_files/2025/11/23/smriti-mandhana-palash-wedding-photo-2025-11-23-18-17-20.jpg)
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥാനയുടെ വിവാഹം മാറ്റിവെച്ചു. ഏറെ നാളായി പ്രണയത്തിലായിരുന്ന പലാഷുമായുള്ള മന്ഥാനയുടെ വിവാഹം ഇന്നാണ് നടക്കേണ്ടിയിരുന്നത്. എന്നാൽ മന്ഥാനയുടെ അച്ഛന് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതോടെ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.
മഹാരാഷ്ട്രയിലെ സാംഗ്ലിയിലായിരുന്നു വിവാഹ വേദി. ഇന്ത്യൻ സ്റ്റാർ ബാറ്ററുടെ വിവാഹം മാറ്റി വെച്ചതായി മന്ഥാനയുടെ മാനേജർ തുഹിൻ മിശ്ര അറിയിച്ചു. സംഭവത്തിൽ മന്ഥാനയുടെ മാനേജറുടെ വാക്കുകൾ ഇങ്ങനെ, "ഇന്ന് രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്ന സമയത്താണ് സ്മൃതി മന്ഥാനയുടെ അച്ഛൻ ശ്രീനിവാസ് മന്ഥാനയ്ക്ക് തളർച്ച അനുഭവപ്പെട്ടത്."
"ഇത് സാധാരണ വരുന്നത് പോലെയായിരിക്കും കുറച്ച് കഴിയുമ്പോൾ മാറും എന്ന് കരുതി. പക്ഷേ അദ്ദേഹത്തിൻ്റെ നില വഷളായിക്കൊണ്ടിരുന്നു. അതോടെ ഒരു റിസ്കും എടുക്കേണ്ടെന്ന് കരുതി ആംബുലൻസ് വിളിച്ച് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോൾ അദ്ദേഹം നിരീക്ഷണത്തിലാണ്," സ്മൃതിയുടെ മാനേജർ പറഞ്ഞു.
Also Read: സൂപ്പർ ഓവറിൽ റണ്ണെടുക്കാതെ ഇന്ത്യ എ; വൈഡിലൂടെ ഫൈനലിലെത്തി ബംഗ്ലാദേശ്
അച്ഛന് സുഖമായതിന് ശേഷം വിവാഹം നടത്താം എന്ന തീരുമാനത്തിലേക്ക് മന്ഥാന എത്തുകയായിരുന്നു. ഇനി എന്നാണ് വിവാഹം നടത്തുക എന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചിട്ടില്ല. "സ്മൃതിക്ക് അച്ഛനുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്ന് നിങ്ങൾക്കറിയാമല്ലോ. അച്ഛന് സുഖമാകുന്നതുവരെ വിവാഹം അനിശ്ചിതമായി മാറ്റിവെക്കാൻ മന്ഥാന തീരുമാനിച്ചു. അദ്ദേഹത്തിന് സുഖമായതിന് ശേഷം മാത്രമായിരിക്കും വിവാഹം. കാരണം അദ്ദേഹത്തിന് വയ്യാതായത് ഞങ്ങൾക്ക് വലിയ ആഘാതമായി, മന്ഥാനയുടെ മാനേജർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മന്ഥാനയോട് പലാഷ് വിവാഹാഭ്യർഥന നടത്തുന്നതിന്റെ വിഡിയോ ഇവർ പങ്കുവെച്ചിരുന്നു. മന്ഥാനയ്ക്ക് സർപ്രൈസ് ആയി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ഇത്. പിന്നാലെ ശനിയാഴ്ച ഹൽദിയും നടന്നു. ഏകദിന വനിതാ ലോക കിരീടം നേടിയ ഇന്ത്യൻ ടീമിലെ താരങ്ങളെല്ലാം മന്ഥാനയുടെ വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
Read More: ബംഗ്ലാദേശിലെ ഭൂചലനം; അയർലൻഡിനെതിരായ ടെസ്റ്റ് മത്സരവും തടസപ്പെട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us