ആന്റിഗ: തിരിച്ചു വരവില്‍ അടിച്ച് തകര്‍ത്ത് സ്മൃതി മന്ദാന. കാല് വിരലിലെ പരുക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയും വിന്‍ഡീസ് പരമ്പരയിലെ ആദ്യ രണ്ട് മത്സരവും മന്ദാനയ്ക്ക് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അതിനെല്ലാം പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ മന്ദാന പകരം വീട്ടിയിരിക്കുകയാണ്.
സ്മൃതി മന്ദാനയുടെ ബാറ്റിങ് മികവിന്റെ കരുത്തില്‍ ഇന്ത്യ മത്സരം ആറ് വിക്കറ്റിന് വിജയിച്ചു. ഇതോടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരം ഒരു റണ്‍സിന് കൈവിട്ട ഇന്ത്യ രണ്ടാം മത്സരത്തില്‍ ശക്തമായി തിരികെ വന്നിരുന്നു. 74 റണ്‍സാണ് മന്ദാന വിന്‍ഡീസിനെതിരെ ഇന്നലെ നേടിയത്. ഒന്നാം വിക്കറ്റില്‍ ജമീമ റോഡ്രിഗ്വസുമൊത്ത് 141 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. ഇതോടെ 195 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യയ്ക്ക് അനായാസമായി മാറുകയായിരുന്നു.
വെടിക്കെട്ട് പ്രകടനത്തോടെ മന്ദാന ഏകദിനത്തില്‍ 2000 റണ്‍സും പിന്നിട്ടു. അതും റെക്കോര്‍ഡ് വേഗത്തില്‍. 51 ഇന്നിങ്സുകള്‍ മാത്രം കളിച്ചാണ് ഇരുപത്തിമൂന്നുകാരി 2000 കടന്നത്. ഇതോടെ അതിവേഗം 2000 കടക്കുന്ന മൂന്നാമത്തെ വനിതാ താരമായി മന്ദാന മാറി. ബെലിന്‍ഡ ക്ലര്‍ക്ക്, മെഗ് ലാന്നിങ് എന്നിവരാണ് മുന്നിലുള്ളത്. നാല് സെഞ്ചുറികളും 17 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നതാണ് മന്ദാനയുടെ 2000. നിലവില്‍ 2025 റണ്‍സാണ് മന്ദാനയുടെ പേരിലുള്ളത്.
ഏകദിനത്തില്‍ അതിവേഗം 2000 കടന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മന്ദാനയ്ക്ക് മുന്നിലുള്ളത് ശിഖര്‍ ധവാന് മാത്രമാണ്. 48 ഇന്നിങ്സുകളില്‍ നിന്നുമാണ് ധവാന് 2000 റണ്‍സ് കടന്നത്. ബെലിന്‍ഡ 41 ഇന്നിങ്സുകളും ലാന്നിങ് 45 ഇന്നിങ്സുകളുമാണ് 2000 എന്ന നാഴികക്കല്ല് പിന്നിടാന്‍ എടുത്തത്. പുരുഷക്രിക്കറ്റില് ഹാഷിം അംലയുടെ പേരിലാണ് റെക്കോര്‍ഡ്. അംല 40 ഇന്നിങ്സുകള്‍ മാത്രം കളിച്ചാണ് 2000 റണ്‍സ് കടന്നത്.