ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ മിന്നും താരമാണ് സ്‌മൃതി മന്ദന. വെടിക്കെട്ട് ബാറ്റിങ്ങും മനോഹരമായ പുഞ്ചിരിയുകൊണ്ട് ആരാധക മനസിൽ ഇടംപിടിച്ച താരം ഇന്ത്യൻ പ്രീമിയർ ലീഗിനെക്കുറിച്ച് മനസ് തുറക്കുന്നു. ടൂർണമെന്റിൽ പ്രത്യേകിച്ച് ആരെയും പിന്തുണയ്ക്കുന്നില്ലെങ്കിലും എല്ലാ മത്സരങ്ങളും കാണുന്ന മന്ദനയുടെ ഇഷ്ട താരങ്ങളുടെ പട്ടികയിൽ മലയാളി താരം സഞ്ജു സാംസണും ഉണ്ട്. വിരാട് കോഹ്‌ലിക്കും എബി ഡി വില്ലിയേഴ്സിനും രോഹിത് ശർമയ്ക്കും എംഎസ് ധോണിക്കുമൊപ്പം ഇപ്പോൾ സഞ്ജുവും തന്റെ ഇഷ്ടപ്പെട്ട ക്രിക്കറ്ററാണെന്ന് മന്ദന പറഞ്ഞു.

Also Read: ‘അതെത്രത്തോളം വേദനിപ്പിക്കുമെന്ന് എനിക്കറിയാം’; സഞ്ജുവിനെ കുറിച്ച് സച്ചിൻ

“യുവതാരങ്ങൾ ബാറ്റ് ചെയ്യുന്ന രീതി കാണുന്നത് വളരെ പ്രചോദനകരമാണ്. പ്രത്യേകിച്ച് സഞ്ജു സാംസൺ, അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ട് സഞ്ജുവിന്റെ വലിയൊരു ആരാധികയായി മാറിയിരിക്കുന്നു. അദ്ദേഹം കാരണമാണ് ഞാൻ രാജസ്ഥാനെ പിന്തുണയ്ക്കുന്നത്. അദ്ദേഹത്തിന്റെ ബാറ്റിങ് വേറെ ലെവലാണ്,” മന്ദന പറഞ്ഞു.

Also Read: സൂപ്പർ സഞ്ജു; പാറ്റ് കമ്മിൻസിനെ പറന്ന് പിടിച്ച് മലയാളി താരം, വീഡിയോ

ഞാൻ എല്ലാ മത്സരങ്ങളും കാണുന്നുണ്ട്. എല്ലാ കളിക്കാരും എനിക്ക് ഒരുപോലെയാണ്, ഒരു ടീമിനും പ്രത്യേകിച്ച് പിന്തുണ നൽകുന്നില്ല. പിന്തുണയ്‌ക്കാൻ എനിക്ക് യഥാർത്ഥത്തിൽ ഒരു ടീം ഇല്ല. വിരാട് കോഹ്‌ലി, എ ബി ഡിവില്ലിയേഴ്‌സ്, രോഹിത് ശർമ, എം എസ് ധോണി എന്നിവരെ താൻ പിന്തുണയ്ക്കുന്നുവെന്നും മന്ദന.

രാജസ്ഥാന്റെ ആദ്യ രണ്ട് മത്സരങ്ങളിലെയും തകർപ്പൻ ജയത്തിന് പിന്നിൽ മലയാളി താരം വഹിച്ച പങ്ക് വലുതായിരുന്നു. രണ്ട് മത്സരങ്ങളിലും അർധസെഞ്ചുറി തികച്ച സഞ്ജുവിന്റെ അതിവേഗ ബാറ്റിങ്ങാണ് ടീമിനെ കൂറ്റൻ സ്കോറിലേക്കെത്തിച്ചത്. അതേസമയം ഇന്നലെ നടന്ന കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ സഞ്ജു എട്ട് റൺസിന് പുറത്തായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook