കിംബെർലി: ഐസിസി വിമൻ ചാന്പ്യൻഷിപ്പ് ഏകദിന പരന്പരയിലെ രണ്ടാമത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. 178 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആധികാരിക വിജയം നേടിയത്. ഇതോടെ ഇന്ത്യ മൂന്നു മത്സര പരന്പരയിൽ 2-0ന് മുമ്പിലെത്തി പരമ്പര ഉറപ്പിച്ചു.
സ്മൃതി മന്ദാനയാണ് ഇന്ത്യൻ വിജയശില്പി. 129 പന്തിൽ 14 ബൗണ്ടറിയും ഒരു സിക്സുമടക്കം 135 റണ്‍സ് മന്ദാന അടിച്ചുകൂട്ടി. ആദ്യ മത്സരത്തിൽ സ്മൃതി മന്ദാനയുടെ 84 റണ്‍സ് മികവിൽ ഇന്ത്യ 88 റണ്‍സിനു വിജയിച്ചിരുന്നു.
മൂന്നു വിക്കറ്റ് നഷ്ടത്തിൽ 302 റണ്‍സാണ് ഇന്ത്യ എടുത്തത്. ഹർമൻപ്രീതിനൊപ്പം സെഞ്ചുറി (134) കൂട്ടുകെട്ടും മന്ദാന പടുത്തുയർത്തി. 69 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 55 റണ്‍സാണ് ഹർമൻപ്രീത് നേടിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച വേദ കൃഷ്ണമൂർത്തി ഇന്ത്യൻ സ്കോർ 300 കടത്തി. 33 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ വേദ 51 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര 30.5 ഓവറിൽ 124 റണ്‍സിന് പുറത്തായി. ദക്ഷിണാഫ്രിക്കൻ നിരയിൽ ലിസെല്ലെ ലീ (73) മാത്രമാണ് പിടിച്ചുനിന്നത്. ആതിഥേയരുടെ ഒന്‍പതു ബാറ്റ്സ്മാൻമാർക്ക് രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. ഇന്ത്യയ്ക്കായി പൂനം യാദവ് 7.5 ഓവറിൽ 24 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് സ്വന്തമാക്കി.