ലണ്ടന്‍: ക്രിക്കറ്റിന്റെ മാതൃരാജ്യമായ ഇംഗ്ലണ്ട് വനിതാ ലോകകപ്പിന് വേദിയായപ്പോൾ ഇന്ത്യൻ ആരാധകരുടെ മനസിൽ നിറഞ്ഞു നിന്നത് സമൃതി മന്ദാനയെന്ന താരമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യമത്സരത്തിൽ 10 റൺസകലെ നഷ്ട‌പ്പെട്ട സെഞ്ച്വറി വിൻഡീസിനെതിരെ നേടിയാണ് സ്മൃതി ആരാധകരുടെ മനസിൽ ഇടം നേടിയത്.
ആദ്യ രണ്ട് മത്സരങ്ങളില്‍ 196 റണ്‍സടിച്ച പ്രകടനത്തോടെ ഈ 20 കാരിയെ ആരാധകര്‍ വനിതാ ക്രിക്കറ്റിലെ വീരേന്ദര്‍ സെവാഗ് എന്നു വരെ വിളിച്ചു.

എന്നാല്‍ സ്മൃതിയുടെ ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരം ആരെന്നതാണ് കൗതുകകരം. സെവാഗോ സച്ചിനോ കോഹ്ലിയോ ഒന്നുമല്ല അത്. ഒതു ഇന്ത്യൻ താരം പോലുമല്ല. മുന്‍ ലങ്കന്‍ നായനും ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസവുമായ കുമാര്‍ സംഗക്കാരയാണ് സ്മൃതിയുടെ ഇഷ്ടതാരമെന്ന് സ്മൃതിയുടെ ബാല്യകാല പരിശീലകനായ അനന്ദ് ടംബ്വേക്കര്‍ പറഞ്ഞു. സംഗക്കാരയെ അന്ധമായി അനുകരിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ സ്മൃതിയെ പലപ്പോഴും ശകാരിക്കേണ്ടി വന്നിട്ടുണ്ടെന്നും ആനന്ദ് വെളിപ്പെടുത്തി. നെറ്റ്‌സില്‍ ബാറ്റ് ചെയ്യാനെത്തുമ്പോഴാണ് സ്മൃതി സംഗക്കാരയെ അനുകരിക്കാന്‍ ശ്രമിച്ചത്. ഇതിന്റെ പേരില്‍ സ്മൃതിയെ നിരവധി തവണ ചീത്ത പറയേണ്ടിവന്നിട്ടുണ്ടെന്നും ആനന്ദ് വ്യക്തമാക്കുന്നു.

ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി അടിച്ചശേഷം സ്മൃതി തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും ആനന്ദ് പറഞ്ഞു. ആ വിളി പ്രതീക്ഷിച്ചതല്ല. അവരെന്നെ മറന്നിട്ടില്ലെന്ന് അറിഞ്ഞതില്‍ സന്തോഷം. തന്റെ ബാറ്റിംഗില്‍ എന്തെങ്കിലും പോരായ്മകളുണ്ടായിരുന്നോ എന്ന് സ്മൃതി ചോദിച്ചതായും ആനന്ദ് വ്യക്തമാക്കി. 25 ഏകദിനങ്ങള്‍ കളിച്ച സ്മൃതി ആറ് അര്‍ധ സെഞ്ചുറിയും രണ്ട് സെഞ്ചുറിയും നേടിയിട്ടുണ്ട്.

ആരാധകരുടെ മനം കവരുന്ന പ്രകടനം പുറത്തെടുത്ത സ്മൃതിയെ ക്രിക്കറ്റ് ഇതിഹാസം സച്ചിനും വെടിക്കെറ്റ് ബാറ്റ്സ്മാൻ വീരേന്ദർ സേവാഗ്, മുഹമ്മദ് കൈഫ് തുടങ്ങിയവർ അഭിനന്ദനം കൊണ്ട് മൂടിയിരുന്നു. സമൃതിയുടെ വെടിക്കെട്ട് പ്രകടനം കണ്ടപ്പോഴാണ് ആരാധകർ ഫീമെയിൽ സെവാഗ് എന്ന് സ്മൃതിയെ വിളിക്കാൻ തുടങ്ങിയത്.

ആരാധകരുടെ സംശയത്തിന് സ്നേഹത്തിന്റെ ഭാഷയിൽ വീരു തന്നെ മറുപടി നൽകി. സ്മൃതിയുടെ ആദ്യ പതിപ്പാണ് അവളെന്നും വളരെ പ്രത്യേകതയുള്ള കളിക്കാരിയാണെന്നുമായിരുന്നു സെവാഗിന്റെ ഉത്തരം. സ്പോർട്സ് ഇഷ്ടപ്പെടുന്ന ഏതൊരു കളിക്കാരനും സ്മൃതിയിൽ അഭിമാനിക്കുമെന്നും ഇന്ത്യൻ ടീമിനും സ്മൃതിക്കും ആശംസ നേരുന്നുവെന്നും സെവാഗ് ട്വിറ്റ് ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ