ന്യൂസിലാന്റിനെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാനയ്ക്ക് റാങ്കിങിൽ കുതിപ്പ്. ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങിൽ മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് ലോകത്തെ ഒന്നാം നമ്പർ ബാറ്റ്‌വുമണായി അവർ മാറി.

എന്നാൽ രണ്ടാം ഏകദിനത്തിൽ അർദ്ധസെഞ്ച്വറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിന് റാങ്കിങിൽ മുന്നേറാനായില്ലെന്ന് മാത്രമല്ല, പിന്നോട്ട് പോവുകയും ചെയ്തു. നാലാം സ്ഥാനത്തായിരുന്നു മിതാലി ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്.

ആദ്യ ഏകദിനത്തിൽ സെഞ്ച്വറി (105) നേടിയ മന്ദാന രണ്ടാം ഏകദിനത്തിൽ അപരാജിതമായ 90 റൺസോടെ ഇന്ത്യൻ ജയത്തിന്റെ നട്ടെല്ലായി മാറി. പക്ഷെ പരിതാപകരമായി ഇന്ത്യ തകർന്നടിഞ്ഞ മൂന്നാം മത്സരത്തിൽ ഒരു റൺ മാത്രമായിരുന്നു മന്ദാനയുടെ സമ്പാദ്യം.

എന്നാൽ 2018 ന് ശേഷം ഇന്ത്യക്ക് വേണ്ടി മത്സരിച്ച 15 ഏകദിനങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറിയും എട്ട് അർദ്ധസെർഞ്ച്വറിയും ഈ വെടിക്കെട്ട് ബാറ്റ്‌വുമണിന്റെ പേരിലുണ്ട്. 12 മത്സരത്തിൽ നിന്ന് 669 റൺസാണ് കഴിഞ്ഞ വർഷം മന്ദാന നേടിയത്. 2019 ൽ മൂന്ന് മത്സരത്തിൽ നിന്ന് 196 റൺസാണ് താരം നേടിയത്.

ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്തുളള മന്ദാനയ്ക്കിപ്പോൾ 751 പോയിന്റുണ്ട്. ഓസീസ് താരങ്ങളും സ്വവർഗ ദമ്പതികളുമായ എല്ലിസ പെരി, മെഗ് ലാന്നിങ് എന്നിവരാണ് മന്ദാനയുടെ തൊട്ട് താഴെയുളളത്. ന്യൂസിലാന്റ് ക്യാപ്റ്റൻ ആമി സാറ്റർത്ത്‌വെയ്റ്റാണ് ഇന്ത്യക്കെതിരായ മൂന്ന് മത്സരത്തിലും അർദ്ധസെഞ്ച്വറി നേടി റാങ്കിങിലും മുന്നേറിയത്. മിതാലി രാജ് അഞ്ചാം സ്ഥാനത്താണ്.

ബോളർമാരിൽ ജുലൻ ഗോസ്വാമി അഞ്ചാം സ്ഥാനത്താണ്. പാക്കിസ്ഥാന്റെ സന മിറാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ താരങ്ങളായ പൂനെ യാദവും ദീപ്തി ശർമ്മയും എട്ടും ഒൻപതും സ്ഥാനങ്ങളിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook