ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് സ്മൃതി മന്ദാന. 21ാം വയസില്‍ തന്നെ ടോപ്പ് ഓര്‍ഡറില്‍ ഇന്ത്യന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ തന്റെ പ്രധാന്യം എത്രത്തോളം വലുതാണെന്ന് മന്ദാന തെളിയിച്ചു. സമീപ കാലത്ത് ഇന്ത്യന്‍ ടീമിനുണ്ടായ നേട്ടങ്ങളിലെല്ലാം മന്ദാനയുടെ ബാറ്റിന്റെ കരുത്തുണ്ടായിരുന്നു.

ഓപ്പണറായി ഇറങ്ങി അടിച്ച് തകര്‍ക്കുമ്പോള്‍ തന്നെ വിക്കറ്റ് പോകാതെ കാക്കാന്‍ കഴിയുന്നതാണ് മന്ദാനയുടെ പ്രത്യേകത. ഇപ്പോഴിതാ തന്റെ പ്രകടനം കൊണ്ട് ഓസ്‌ട്രേലിയയിലും മന്ദാന താരമാവുകയാണ്. ഈയ്യടുത്താണ് ഓസീസ് ലീഗായ കിയാ സൂപ്പര്‍ ലീഗ് ടീമായ വെസ്റ്റേണ്‍ സ്റ്റോം മന്ദാനയെ ടീമിലെടുക്കുന്നത്. ഇന്നലെയായിരുന്നു മന്ദാനയുടെ കെഎസ്എല്‍ അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ തന്നെ വെടിക്കെട്ട് ബാറ്റിങുമായി മന്ദാന വരവറിയിച്ചിരിക്കുകയാണ്.

20 പന്തില്‍ നിന്നുമായി 48 റണ്‍സാണ് മന്ദാന അടിച്ചെടുത്തത്. അതും തന്റെ ആദ്യ കളിയില്‍ തന്നെ. കെഎസ്എല്ലിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ച്വറി പിറന്നത് 22 പന്തില്‍ നിന്നുമാണ്. അതില്‍ നിന്നും മനസിലാക്കാം മന്ദാനയുടെ വെടിക്കെട്ടിന്റെ വേഗത. റെക്കോര്‍ഡിന് തൊട്ട് മുന്നിലാണ് ഇന്ത്യന്‍ താരം വീണത്.

ആദ്യം ബാറ്റ് ചെയ്ത ഡയമണ്ട്സ് 5 വിക്കറ്റിന് 162 റണ്‍സ് ലക്ഷ്യമാണ് വെസ്റ്റേണ്‍ സ്റ്റോമിന് മുന്നില്‍വെച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റേണിന് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ റാഹേല്‍ പ്രീസ്റ്റിനെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന നൈറ്റും മന്ദാനയും വെസ്റ്റേണ്‍ ഇന്നിംഗ്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

62 പന്തില്‍ 97 റണ്‍സെടുത്ത നൈറ്റിനൊപ്പം മന്ദാനയും ആക്രമിച്ച് കളിച്ചപ്പോള്‍ ഡയമണ്ട്സിന്റെ ബൗളര്‍മാര്‍ വിയര്‍ത്തു. വെസ്റ്റേണിനായി 15 സിക്സുകളാണ് ബാറ്റ്സ്വുമണ്‍മാര്‍ നേടിയത്. ഇതില്‍ 10 സിക്സും മന്ദാന-നൈറ്റ് സഖ്യത്തിന്റെ വകയായിരുന്നു. 5 സിക്സും 3 ബൗണ്ടറിയും ഉള്‍പ്പെട്ടതായിരുന്നു മന്ദാനയുടെ ഇന്നിംഗ്സ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ