ലണ്ടന്‍: വിരാടും സംഘവും പതറിയ ഇംഗ്ലണ്ടിന്റെ മണ്ണില്‍ റെക്കോര്‍ഡുകള്‍ കാറ്റില്‍പ്പറത്തി മുന്നേറുകയാണ് ഇന്ത്യയുടെ പെണ്‍പുലി സ്മൃതി മന്ദാന. കിയ സൂപ്പര്‍ ലീഗില്‍ ഉജ്ജ്വല ഫോമിലുള്ള മന്ദാന ഇതിനോടകം നിരവധി റെക്കോര്‍ഡുകളാണ് സ്വന്തമാക്കിയത്. നേരത്തെ സെഞ്ചുറി പ്രകടനം പുറത്തെടുത്ത മന്ദാന ട്വന്റി-20യില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായിരുന്നു. ഇതിന് പിന്നാലെ ഇന്നലെ അര്‍ധ സെഞ്ചുറി നേടിയ മന്ദാന ഒരു പിടി റെക്കോര്‍ഡുകളാണ് സ്വന്തം പേരിലാക്കിയത്.

വനിതാ സൂപ്പര്‍ ലീഗ് ടി ട്വന്റി ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഒരു സീസണിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരിയായിരിക്കുകയാണ് ഇപ്പോള്‍ സ്മൃതി. ടൂര്‍ണമെന്റില്‍ വെസ്റ്റേണ്‍ സ്റ്റോമിനു വേണ്ടിയാണ് സ്മൃതി കളിക്കുന്നത്. ഇന്നലെ യോര്‍ക്ക്ഷെയര്‍ ഡയമണ്ട്സിനെതിരായ മത്സരത്തില്‍ 56 റണ്‍സെടുത്ത സ്മൃതിയുടെ മികവിലാണ് വെസ്‌റ്റേണ്‍ സ്‌റ്റോമിന്റെ വിജയം.

36 പന്തില്‍ നിന്ന് 56 റണ്‍സെടുത്ത സ്മൃതിയുടെ മികവില്‍ യോര്‍ക്ക്ഷെയര്‍ ഡയമണ്ട്സ് കുറിച്ച 173 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ വെസ്റ്റേണ്‍ സ്റ്റോം മറികടക്കുകയായിരുന്നു. പതിവു പോലെ അടിച്ചു കളിച്ച മന്ദാന അഞ്ച് ഫോറും മൂന്നു സിക്സും നേടി. സ്ഥിരതയാര്‍ന്ന പ്രകടനാണ് മന്ദാന ടൂര്‍ണമെന്റിലുടനീളം കാഴ്ച വയ്ക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

48, 37, 52*, 43*, 102, 56. എന്നിങ്ങനെയാണ് സ്മൃതി ടൂര്‍ണമെന്റില്‍ നേടിയ സ്‌കോറുകള്‍. ആറുമത്സരങ്ങളില്‍ നിന്ന് 338 റണ്‍സെടുത്തിട്ടുണ്ട് സ്മൃതി. ഇതോടെ 2016-ല്‍ സ്റ്റെഫാനി ടെയ്‌ലര്‍ കുറിച്ച 289 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇന്ത്യന്‍ സൂപ്പര്‍ താരം പുഷ്പം പോലെ മറികടന്നത്. സൂപ്പര്‍ലീഗ് ടി ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയും സ്മൃതി തന്നെയാണ്. മന്ദാനയ്ക്ക് പുറമെ ഇന്ത്യയുടെ ട്വന്റി-20 നായിക ഹര്‍മന്‍പ്രീതും ലീഗില്‍ കളിക്കുന്നുണ്ട്.

ഈ ടൂര്‍ണമെന്റിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ബാറ്റിങ് ശരാശരിയും (84.50), സ്ട്രൈക്ക് റേറ്റും (183.69), ഉയര്‍ന്ന വ്യക്തിഗത സ്‌കോറും (61 പന്തില്‍ നിന്ന് 102), കൂടുതല്‍ തവണ അന്‍പതിലേറെ റണ്‍സും (3 തവണ), കൂടുതല്‍ ബൗണ്ടറികളും (34), സിക്സറുകളും (19) എന്നീ റെക്കോര്‍ഡുകളും സ്മൃതിയുടെ പേരില്‍ തന്നെ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ