സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഒരാളാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രസകരമായ മീമുകള്‍ മുതല്‍ കുടുംബ ചിത്രങ്ങള്‍ വരെ ദിവസം തോറും സ്മൃതി ഇറാനി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഇന്റര്‍നെറ്റില്‍ ഏറെ ആളുകള്‍ ശ്രദ്ധിക്കുന്ന ഒരു പേജാണ് സ്മൃതിയുടേത്.
ഐസിസി ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലൻഡിനോട് ഇന്ത്യ തോറ്റപ്പോള്‍ കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്‌നവും പ്രതീക്ഷകളുമാണ് ചിതറിപ്പോയത്.
വിരാട് കോഹ്‌ലി, കെ.എല്‍.രാഹുല്‍, രോഹിത് ശര്‍മ എന്നിവര്‍ പ്രാരംഭ ഓവറുകളില്‍ ഒരു റണ്‍ മാത്രമെടുത്ത് പുറത്തായപ്പോഴും ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷകളെ ഉയര്‍ത്തിയത് ധോണിയായിരുന്നു. വനിതാ-ശിശു വികസന വകുപ്പ് മന്ത്രിക്കും ഇതില്‍ മറ്റൊരു അഭിപ്രായം ഇല്ലെന്നു തോന്നുന്നു. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയില്‍ തന്നെയായിരുന്നു സ്മൃതി ഇറാനിയും പ്രതീക്ഷകള്‍ അര്‍പ്പിച്ചിരുന്നത്.
ഇത് സ്മൃതിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ വ്യക്തമാണ്. ധോണിയെ പോലൊരു ക്രിക്കറ്റ് താരത്തിന്റെ ഏറ്റവും വലിയ നേട്ടത്തെ കുറിച്ചായിരുന്നു സ്മൃതിയുടെ വാക്കുകള്‍.
‘എം.എസ്.ധോണിയുടെ ഏറ്റവും വലിയ നേട്ടം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? അഞ്ചിന് മൂന്ന് വിക്കറ്റ് എന്ന അവസ്ഥയിലും 125 കോടി ആളുകള്‍ അദ്ദേഹത്തെ വിശ്വസിക്കുന്നു എന്നതാണ്,’ എന്ന് സ്മൃതി ഇറാനി കുറിച്ചു. ആ അഭിപ്രായത്തോട് യോജിക്കാതിരിക്കാന്‍ നമുക്കുമാകില്ല. പിന്നീട് നമ്മുടെ ഏക പ്രതീക്ഷ ധോണിയായിരുന്നു.
അടുത്തിടെ ധോണിയുടെ 38-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന് ആശംസകളുമായി സ്മൃതി എത്തിയിരുന്നു. ‘ധോണി… ആ പേര് തന്നെ ധാരാളം’ എന്നായിരുന്നു സ്മൃതിയുടെ വാക്കുകള്‍. സ്മൃതി ഒരു കട്ട ധോണി ഫാൻ ആണെന്ന് മനസിലാകാൻ ഇത് തന്നെ ധാരാളം.
ലോകകപ്പ് സെമിഫൈനലിലെ ഇന്ത്യൻ തോൽവിയിൽ മുൻ ഇന്ത്യൻ താരങ്ങളെല്ലാം നിരാശയിലാണ്. ന്യൂസിലൻഡിനെതിരായ മൽസരത്തിൽ 18 റൺസിനായിരുന്നു ഇന്ത്യൻ തോൽവി. തുടക്കത്തിൽ തന്നെ ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാന്മാർ രണ്ടക്കം കാണാതെ വീണു. ഈ സാഹചര്യത്തിൽ ഇന്ത്യൻ ബാറ്റിങ് ഓർഡറിൽ വരുത്തിയ മാറ്റത്തെ വിമർശിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങൾ.
നിർണായകമായൊരു മൽസരത്തിൽ അനുഭവ പരിചയമുളള എം.എസ്.ധോണിയെ പോലൊരു കളിക്കാരനെ നേരത്തെ ഇറക്കാതിരുന്നത് ശരിക്കും ഞെട്ടിക്കുന്നുവെന്നാണ് സച്ചിൻ ടെൻഡുൽക്കറും സൗരവ് ഗാംഗുലിയും പറഞ്ഞത്. ഹാർദിക് പാണ്ഡ്യക്കുപകരം 5-ാമനായി ധോണി ഇറങ്ങിയിരുന്നുവെങ്കിൽ കളിയിൽ വലിയ മാറ്റം വന്നേനെ. ധോണി തീർച്ചയായും എന്തെങ്കിലും ചെയ്‌തേനെ. ഇങ്ങനെയൊരു നിർണായക മൽസരത്തിൽ ധോണിയെ നേരത്തെ ഇറക്കി കളിയുടെ നിയന്ത്രണം കൈക്കലാക്കണമായിരുന്നു. മൽസരത്തിന്റെ അവസാനഘട്ടത്തിൽ ജഡേജയുമായി സംസാരിച്ച് ധോണിയാണ് കളി നിയന്ത്രിച്ചത്. വളരെ സമർത്ഥമായി അദ്ദേഹം സ്ട്രൈക്ക് നൽകിയെന്ന് സച്ചിൻ ഒരു വാർത്താ ചാനലിനോട് പറഞ്ഞു.
അതേസമയം, ബാറ്റിങ് ഓർഡറിലെ മാറ്റത്തെ തന്ത്രപരമായ മണ്ടത്തരമെന്നാണ് മുൻ താരം വിവിഎസ് ലക്ഷ്മൺ വിശേഷിപ്പിച്ചത്. ”പാണ്ഡ്യക്കു മുന്നേ ധോണിയെ ഇറക്കണമായിരുന്നു. അതൊരു തന്ത്രപരമായ മണ്ടത്തരമായിരുന്നു. ദിനേശ് കാർത്തിക്കിനു പകരം ധോണി വരണമായിരുന്നു. 2011 ലെ ഫൈനൽ പോലെ, അദ്ദേഹം യുവരാജ് സിങ്ങിനു പകരം നാലാമനായി ഇറങ്ങി കളി ജയിപ്പിച്ചു,” ലക്ഷ്മൺ പറഞ്ഞു.