പോയവാരം ഇന്ത്യ മുഴുവൻ ചർച്ച ചെയ്യചെയ്തത് സ്‌മൃതി മന്ദാന എന്ന വനിത ക്രിക്കറ്ററെപ്പറ്റിയായിരുന്നു. അവളുടെ ബാറ്റിങ്ങ് മികവും, സൗന്ദര്യവുമെല്ലാം ഇന്ത്യയിലെ കുട്ടികൾ മുതൽ മുതിർന്നവർവരെ ചർച്ച ചെയ്തു. വനിത ലോകകപ്പിലെ ആദ്യ 2 മത്സരങ്ങളിൽ നടത്തിയ പ്രകടനമാണ് സ്‍‌മൃതി മന്ദാനയ്ക്ക് ലോക ശ്രദ്ധ നേടിക്കൊടുത്തത്. എന്നാൽ ആദ്യ 2 മത്സരങ്ങളിൽ നടത്തിയ പ്രകടനം തുടരാൻ ഈ ചെറുപ്പക്കാരിക്ക് കഴിയുന്നില്ല. പ്രശംസകളും പുകഴ്ത്തലുകളും കുമിഞ്ഞ് കൂടിയപ്പോൾ മന്ദാനയുടെ ഏകാഗ്രത നഷ്ടപ്പെട്ടു എന്ന് വേണം അനുമാനിക്കാൻ.

വനിത ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിന് എതിരെ 90 റൺസാണ് ഓപ്പണറായ മന്ദാന അടിച്ച് കൂട്ടിയത്. കേവലം 72 പന്തിൽ നിന്നാണ് മന്ദാന 90 റൺസ് അടിച്ചു കൂട്ടിയത്. രണ്ടാം മത്സരത്തിൽ കരുത്തരായ വെസ്റ്റൻഡീസിന് എതിരെ 102 റൺസാണ് മന്ദാന നേടിയത്. 104 പന്തുകളിൽ നിന്നാണ് മന്ദാനയുടെ സെഞ്ചുറി നേട്ടം. പിന്നീട് ക്രിക്കറ്റ് ലോകം മന്ദാനയെ വാഴ്ത്തി. മന്ദാനയുടെ ആക്രമണ ശൈലിയെ വിദഗ്ദർ പുകഴ്ത്തി. ചിലർ​ അവളെ ബോളിവുഡ് സുന്ദരികളോടും ഉപമിച്ചു. ദിവസങ്ങൾക്കുള്ളിൽ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് മന്ദാനയ്ക്ക് ഉണ്ടായത്. ആശംസ നേരാൻ മന്ദാനയുടെ പേജിൽ വലിയ തിരക്കാണ് ഉണ്ടായത്.

പക്ഷെ പാക്കിസ്ഥാന് എതിരായ മത്സരം മുതൽ കാര്യങ്ങൾ തകിടം മറിഞ്ഞു. ഫാസ്റ്റ് ബോളർ ഡിയാന ബെയ്ഗിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി മന്ദാന മടങ്ങി. കേവലം 2 റൺസ് മാത്രമാണ് മന്ദനയ്ക്ക് നേടാനായത്. ബെയ്ഗിന്റെ സ്വിങ് ബോളിങ്ങിന് മുന്നിലാണ് മന്ദാന വീണത് എന്ന് പറയാം. പക്ഷെ ശ്രീലങ്കയ്ക്ക് എതിരായ അടുത്ത മത്സരത്തിൽ മന്ദാന തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞു. ആറാം ഓവറിൽ ഗുണരത്നയുടെ പന്തിൽ അലക്ഷ്യമായൊരു ഷോട്ട് ഉതിർത്ത മന്ദാനയെ ബൗണ്ടറിയിൽ സിരിവർധനെ പിടിച്ച് പുറത്താക്കുകയായിരുന്നു. ശ്രീലങ്കയ്ക്ക് എതിരെ 8 റൺസ് മാത്രമാണ് മന്ദാനയുടെ സമ്പാദ്യം.

ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും അനാവശ്യ ഷോട്ടിലൂടെത്തന്നെയാണ് സ്‌മൃതി മന്ദാന പുറത്തായത്. മരിസാന കാപ്പിന്റെ പന്ത് അതിർത്തി കടത്താനുള്ള ശ്രമത്തിനിടെ മന്ദാനയെ ബൗണ്ടറിയിൽ ഷബിനം ഇസ്മയിൽ ക്യാച്ച് ചെയ്ത് പുറത്താക്കുകയായിരുന്നു. മന്ദാനയുടെ സമ്പാദ്യം കേവലം 4 റൺസ് മാത്രം.

Form is temporary , But class in Permanent എന്ന വാചകം മന്ദാനയുടെ കാര്യത്തിൽ സത്യം തന്നെയാണ്. ഈ ചെറുപ്പക്കാരിയുടെ കഴിവുകളെപ്പറ്റി ആർക്കും അഭിപ്രായ വ്യത്യാസമുണ്ടാവില്ല. പക്ഷെ മന്ദാനയിൽ നിന്നും ഇതിലും ഏറെ രാജ്യം പ്രതീക്ഷിക്കുന്നുണ്ട്. ലോകകപ്പ് കിരീടം ഉയർത്താനുള്ള ഇന്ത്യൻ സ്വപ്നങ്ങളുടെ നെടുംതൂണാണ് സ്‌മൃതി മന്ദാന.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ