മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരവും പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനേയും പ്രഖ്യാപിച്ചു. നായിക ഹര്‍മ്മന്‍പ്രീതിന് പരുക്കായതിനാല്‍ ഇന്ത്യയെ നയിക്കുക ഓപ്പണര്‍ സ്മൃതി മന്ദാനയായിരിക്കും. ഇതോടെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രയാം കുറഞ്ഞ ടി20 നായികയുമാകും മന്ദാന. ഇതാദ്യമായാണ് മന്ദാന ടിമിന്റെ നായികയാവുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇന്ത്യയുടെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്‌സ് വുമണാണ് മന്ദാന. കഴിഞ്ഞ പത്ത് ടി20 കളില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെ്ഞ്ചുറിയും നേടിയിട്ടുണ്ട് 22 കാരിയായ മന്ദാന.
നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. ന്യൂസിലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒന്നില്‍ പോലും ജയിക്കാന്‍ ഇന്ത്യക്കായിരുന്നില്ല. ഇതോടെയാണ് ടീമില്‍ വന്‍ അഴിച്ചു പണി നടത്തിയത്. ഹര്‍മന്‍. ഹേമലത, മാന്‍സി ജോഷി, പ്രിയ പുനിയ എന്നിവരെ ടീമില്‍ നിന്നും ഒഴിവാക്കി. പകരം കോമള്‍ സന്‍സാദ്, ഭാരതി ഫുല്‍മലി, ഹര്‍ലീന്‍ ഡിയോള്‍, വേദാ കൃഷ്ണമൂര്‍ത്തി എന്നിവരെ ടീമിലുള്‍പ്പെടുത്തി.
കഴിഞ്ഞ ലോകകപ്പ് മുതല്‍ പുറത്തായിരുന്ന വേദയുടെ തിരിച്ചു വരവാണിത്. ഏകദിന ടീമില്‍ നിന്നും വേദ പുറത്തായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് ഹര്‍ലീന്‍ അരങ്ങേറിയത്. ഭാരതിയും കോമളും പുതുമുഖങ്ങളാണ്. മാര്‍ച്ച് നാല്, ഏഴ്, പത്ത് തിയ്യതികളിലാണ് ടി20 മത്സരങ്ങള്‍ നടക്കുക.
ഇന്ത്യന്‍ ടീം: സ്മൃതി മന്ദാന (C), മിതാലി രാജ്, ജെമീമ റോഡ്രിഗ്വസ്, ദീപ്തി ശര്‍മ്മ, താനിയ ഭാട്ടിയ, ഭാരതി ഫുല്‍മലി, അനുജ പാട്ടീല്‍, ശിഖ പാണ്ഡെ, കോമള്‍ സന്‍സാദ്, അരുദ്ധതി റെഡ്ഡി, പൂനം യാദവ്, എക്താ ബിഷ്ത്, രാധാ യാദവ്, വേദ കൃഷ്ണമൂര്‍ത്തി, ഹര്‍ലീന്‍ ഡിയോള്‍.