ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം സ്മൃതി മന്ദാന പിന്നിലേക്ക്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മന്ദാനയ്ക്ക് പുതിയ റാങ്കിങ്ങില്‍ ആ സ്ഥാനം നഷ്ടമായി. കഴിഞ്ഞ ദിവസം അവസാനിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ താരത്തിന് പരുക്ക് മൂലം കളിക്കാനായിരുന്നില്ല.

മന്ദാനയെ പിന്തള്ളി ന്യൂസിലന്‍ഡ് താരം എമി സാറ്റെര്‍ത്‌വെയ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെയായിരുന്നു മന്ദാനയ്ക്ക് പരുക്കേല്‍ക്കുന്നത്. വലത് കാലിനാണ് താരത്തിന് പരുക്കേറ്റത്. പരമ്പര 3-0 ന് ഇന്ത്യ തൂത്തുവാരിയിയിരുന്നു.

ഇതിഹാസ താരം മിതാലി രാജിനും റാങ്കിങ്ങില്‍ ഇടിവ് നേരിടേണ്ടി വന്നു. മിതാലി ഏഴാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ഇയ്യടുത്താണ് രാജ്യാന്തര ക്രിക്കറ്റില്‍ 20 വര്‍ഷം തികയ്ക്കുന്ന ആദ്യ വനിതയായി മിതാലി മാറിയത്.

ബോളര്‍മാരുടെ പട്ടികയില്‍ ജുലന്‍ ഗോസ്വാമി ആറാമതേക്കും ശിഖ പാണ്ഡെ എട്ടാമതേക്കും പൂനം യാദവ് ഒമ്പതാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. അതേസമയം, ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ദീപ്തി ശര്‍മ്മ മൂന്നാം സ്ഥാനത്തേക്കും പിന്തളളപ്പെട്ടു. എന്നാല്‍ ശിഖ പാണ്ഡെ ടോപ് ടെന്നില്‍ ഇടം നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook