സിഡ്നി: വിവാദച്ചുഴിയില്‍ പെട്ട് വലയുകയാണ് ഓസീസ് ടീം. നായകന് സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിനും എതിരെ ഓസ്ട്രേലിയയില്‍ നിന്നു തന്നെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. സര്‍ക്കാരും ആരാധകരും മാധ്യമങ്ങളുമൊക്കെ കളങ്കമുണ്ടാക്കിയ താരങ്ങള്‍ക്കെതിരെ രംഗത്തെത്തിക്കഴിഞ്ഞു.
ഓസീസ് ടീമിനെതിരെ ക്രിക്കറ്റ് ലോകം ഒന്നടങ്കം രംഗത്തെത്തിയ സാഹചര്യത്തില്‍ തങ്ങളുടെ അമര്‍ഷം രേഖപ്പെടുത്തി മുന്‍ ഓസീസ് താരങ്ങളും രംഗത്തെത്തിയിരുന്നു. താരങ്ങള്‍ ക്രിക്കറ്റിനും ഓസ്ട്രേലിയന്‍ ടീമിനും നാണക്കേടുണ്ടാക്കിയെന്നാണ് മുന്‍ ഓസീസ് താരങ്ങള്‍ പറയുന്നത്. ഇതിനിടെ സ്മിത്തിനെ ആജീവനന്ത കാലത്തേക്ക് വിലക്കണമെന്നാണ് ഓസീസ് ഇതിഹാസം ജെഫ് തോംസണിന്റെ പ്രതികരണം.
സ്മിത്തിനേയും കുറ്റകൃത്യത്തില്‍ പങ്കെടുത്ത എല്ലാ താരങ്ങളേയും ആജീവനാന്ത കാലത്തേക്ക് വിലക്കണമെന്നാണ് തോംസണ്‍ പറയുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായിരുന്നാലും എല്ലാവരേയും പുറത്താക്കണമെന്ന് അദ്ദേഹം ആഞ്ഞടിച്ചു. അതേസമയം, നിലവില്‍ ഒരു ടെസ്റ്റില്‍ നിന്നും വിലക്കും മാച്ച് ഫീയുടെ നൂറ് ശതമാനം പിഴയുമാണ് സ്മിത്തിന് ഐസിസി ഏര്‍പ്പെടുത്തിയ ശിക്ഷ. മാച്ച് ഫീയുടെ 75 ശതമാനമാണ് പന്ത് ചുരണ്ടിയ ബാന്ക്രോഫ്റ്റിനുള്ള പിഴ.
ശിക്ഷ മതിയാകില്ലെന്ന് ക്രിക്കറ്റ് ലോകത്തു നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ സ്മിത്തിനേയും വാര്‍ണറേയും ഒരു വര്‍ഷത്തേക്ക് വിലക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പന്തില്‍ കൃത്രിമം കാണിച്ച താരങ്ങള്‍ തങ്ങളുടെ മണ്ടത്തരം ഇനിയും തുടരുമെന്നും ക്രിക്കറ്റ് മൈതാനത്തിറങ്ങിയ എല്ലാവര്ക്കും അവര്‍ അപമാനമുണ്ടാക്കിയെന്നും തോംസണ്‍ ആഞ്ഞടിച്ചു. ഇതിനിടെ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.
ടീം താമസിക്കുന്ന ഹോട്ടലില്‍ വച്ച് തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി നടത്തിയെന്നാണ് വാര്‍ണര്‍ക്ക് എതിരെയുള്ള ആരോപണം. ക്രിക്കറ്റ് താരങ്ങള്‍ അല്ലാത്ത സുഹൃത്തുക്കളുമായി വാര്‍ണര്‍ ഹോട്ടലിലെ ബാറില്‍ പാര്‍ട്ടി നടത്തുകയായിരുന്നു. വിവാദത്തിന്റെ സാഹചര്യത്തില്‍ താരത്തില്‍ നിന്നുമുള്ള നടപടി സ്വന്തം ടീമംഗങ്ങളുടെ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.
താരത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഓസീസ് ടീം അംഗങ്ങള്‍ തന്നെ രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ട്. സംഭവം ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷിച്ച് വരികയാണ്. താരത്തെ ടീം ഹോട്ടലില്‍ നിന്നും പുറത്താക്കണമെന്ന് സഹതാരങ്ങള്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, പന്ത് ചുരണ്ടിയ സംഭവത്തില്‍ വാര്‍ണറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളും വരുന്നതായാണ് റിപ്പോര്‍ട്ട്. പന്ത് ചുരണ്ടാന്‍ സ്മിത്തിനോട് ആവശ്യപ്പെട്ടത് വാര്‍ണര്‍ ആണെന്നാണ് പുതിയ റിപ്പോര്‍ട്ട്. പിന്നീട് ഇരുവരും ചേര്‍ന്ന് ബാന്‍ക്രോഫ്റ്റിനെ ഇതിനായി നിയമിക്കുകയായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ചതിയായാണ് പന്ത് ചുരണ്ടിയ സംഭവം വിലയിരുത്തപ്പെടുന്നത്. നിലവില്‍ ഓസീസ് നായകന് ഒരു ടെസ്റ്റില്‍ നിന്നും മാത്രമാണ് സംഭവത്തില്‍ ഏര്‍പ്പെടുത്തിയ ശിക്ഷ. എന്നാല്‍ സ്മിത്തിനേയും വാര്‍ണറേയും ഒരു വര്‍ഷത്തേക്ക് വിലക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ വാര്‍ണര്‍ പാര്‍ട്ടി നടത്തിയത് താരങ്ങളെ ചൊടിപ്പിക്കുകയായിരുന്നു.