ദുബായ്: ആഷസ് പരമ്പര നേട്ടം ആഘോഷിക്കുന്നതിനിടെ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിന് മറ്റൊരു ചരിത്രനേട്ടം. ഒരു കലണ്ടർ വർഷം ഐസിസി റാങ്കിങ്ങിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിൽ എത്തിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്. ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ റാങ്കിങ് പട്ടികയിൽ ഒന്നാം സ്ഥാനത്തുളള സ്മിത്തിനിപ്പോൾ 945 പോയിന്റാണ് ഉള്ളത്. 961 പോയിന്റ് നേടിയ ഡോൺ ബ്രാഡ്മാന്റെ പേരിലാണ് ഇപ്പോൾ റെക്കോർഡ് ഉള്ളത്. ആഷസ് പരമ്പരയിൽ 2 ടെസ്റ്റ് മൽസരം കൂടി ശേഷിക്കേ ഡോൺ ബ്രാഡ്മാനെ പിന്തള്ളാൻ സ്മിത്തിന് കഴിയുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ഏറ്റവും കൂടുതൽ പോയിന്റ് നേടിയവരുടെ പട്ടികയിൽ ലെൻ ഹട്ടണായിരുന്നു രണ്ടാം സ്ഥാനം. 945 പോയിന്റ് ഉണ്ടായിരുന്ന ഹട്ടന്റെ റെക്കോർഡിനൊപ്പം സ്മിത്ത് എത്തിച്ചേരുകയായിരുന്നു. കഴിഞ്ഞ 2 വർഷമായി ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്താണ് ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത്.

ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ നേടിയ ഇരട്ടസെഞ്ചുറിയാണ് സ്റ്റീവ് സ്മിത്തിന് റാങ്കിങ്ങിൽ കുതിപ്പ് നൽകിയത്. സ്മിത്തിന്റെ കരിയറിലെ രണ്ടാമത്തെ ഡബിൾ സെഞ്ചുറിയാണ്. ഇരുപത്തി രണ്ടാമത്തെ തവണയാണ് ടെസ്റ്റ് ക്രിക്കറ്റിൽ സ്മിത്ത് മൂന്നക്കം കടക്കുന്നത്. 2017ല്‍ ടെസ്റ്റില്‍ 1000 റണ്‍സ് തികച്ചതോടെ തുടര്‍ച്ചയായ നാല് വര്‍ഷങ്ങളില്‍ 1000 റണ്‍സ് വീതം നേടുന്ന രണ്ടാമത്തെ താരവുമായി സ്മിത്ത്. മാത്യു ഹെയ്ഡനാണ് മറ്റൊരു ക്രിക്കറ്റ് താരം. ഏറ്റവും വേഗത്തിൽ 21 സെഞ്ചുറികൾ നേടുന്ന കളിക്കാരനെന്ന സച്ചിന്റെ (110 ഇന്നിങ്സ്) റെക്കോർഡ് അടുത്തിടെ സ്മിത്ത് (105 ഇന്നിങ്സ്) മറികടന്നിരുന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ