കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റും രാജ്യന്തര തലത്തിൽ സജീവമാവുകയാണ്. കോവിഡിന് ശേഷമുള്ള ആദ്യ രാജ്യാന്തര മത്സരത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യ കളിക്കും. മത്സരം ഇന്ത്യയും ഓസ്ട്രേലിയയുമായതിനാൽ തന്നെ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്. എന്നാൽ മത്സരത്തിന് മുന്നോടിയായി ഓസിസ് താരങ്ങൾക്ക് മുൻ നായകൻ സ്റ്റീവ് വോയുടെ മുന്നറിയിപ്പ്.
സ്ലെഡ്ജിങ്ങിന് പേരുകേട്ടവരാണ് കങ്കാരുക്കൾ. എന്നാൽ അത് വിരാട് കോഹ്ലിയോട് വേണ്ടെന്ന് സ്റ്റീവ് വോ പറയുന്നു. അത്തരം തന്ത്രങ്ങൾ ഇന്ത്യൻ നായകനെ കൂടുതൽ പ്രോത്സഹിപ്പിക്കത്തെയുള്ളുവെന്നും വോ കൂട്ടിച്ചേർത്തു.
“സ്ലെഡ്ജിങ് വിരാട് കോഹ്ലിയെ ബാധിക്കില്ല, ആ തന്ത്രം മികച്ച കളിക്കാർക്കെതിരെ പ്രവർത്തിക്കില്ല. മാത്രമല്ല നിങ്ങൾ അവരെ വെറുതെ വിടുന്നതാണ് നല്ലത്. മാത്രമല്ല അത് അവരിൽ അധിക പ്രചോദനം സൃഷ്ടിച്ച് കൂടുതൽ റൺസ് നേടാൻ സഹായിക്കുമെന്നും ഞാൻ കരുതുന്നു. അതിനാൽ നിങ്ങൾ അവനോട് കൂടുതൽ പറയാതിരിക്കുന്നതാണ് നല്ലത്,” സ്റ്റീവ് വോ പറഞ്ഞു.
മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കുന്നത്. ടെസ്റ്റിൽ ബോർഡർ ഗവാസ്കർ ട്രോഫി നിലനിർത്തുകയെന്ന ഉദ്ദേശത്തോടെയാണ് കോഹ്ലിപ്പട കങ്കാരുക്കൾക്കെതിരെ ഇറങ്ങുന്നത്. അഡ്ലെയ്ഡിൽ ഡിസംബർ 17നാണ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്.