ഐപിഎല്ലിൽ ഓരോ വർഷവും ഓരോ ടീമിലും കളിക്കാർ മാറി മറിയും. ചിലർ പുതിയ ടീമിലേക്ക് ചേക്കേറുമ്പോൾ മറ്റു ചിലർ സ്വന്തം ടീമിൽ തന്നെ തുടരും. ഇത്തരത്തിൽ 11 വർഷമായിട്ടും ഐപിഎല്ലിൽ ഒരേ ടീമിൽ തുടരുന്ന ഒരേയൊരു താരം മാത്രമാണുളളത്. ഇന്ത്യൻ നായകൻ വിരാട് കോ‌ഹ്‌ലിയാണ് ആ താരം. ഐപിഎൽ തുടക്കം മുതൽ കോഹ്‌ലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിനൊപ്പമാണ്. ഐപിഎൽ 2018 സീസണിലും കോഹ്‌ലി കളിക്കുന്നത് ബാംഗ്ലൂരുവിനു വേണ്ടിയാണ്.

10 വർഷമായി മുംബൈ ഇന്ത്യൻസിൽ ഉണ്ടായിരുന്ന ഹർഭജൻ സിങ്ങിനെ ചെന്നൈ സൂപ്പർ കിങ്സ് ഈ സീസണിൽ സ്വന്തമാക്കിയതോടെയാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്. 19 വയസ്സുളളപ്പോഴാണ് കോഹ്‌ലി ബാംഗ്ലൂരുവിനു വേണ്ടി ആദ്യമായി കളിക്കാനെത്തുന്നത്. അന്നു മുതൽ 11 വർഷക്കാലമായി ബാംഗ്ലൂരുവിന്റെ നെടുംതൂണായി കോഹ്‌ലിയുണ്ട്.

ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസും സെഞ്ചുറികളും നേടിയ താരം എന്ന റെക്കോർഡും കോഹ്‌ലിയുടെ പേരിലാണ്. 2016 സീസണിൽ 973 റൺസാണ് കോഹ്‌ലി നേടിയത്. ഇതുവരെയുളള ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് കോഹ്‌ലി. ഐപിഎല്ലിൽ ഇതുവരെയായി 4,418 റൺസാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്.

വിരാട് കോഹ്‌ലിക്കു പുറമേ എബി ഡിവില്ലിയേഴ്സ്, സർഫ്രാസ് ഖാൻ എന്നീ താരങ്ങളെയും ഇത്തവണത്തെ ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിലനിർത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ