രാജ്കോട്ടില്‍ നടന്ന ഇന്റര്‍- ജില്ലാ ട്വന്റി 20 മത്സത്തില്‍ ഒരോവറില്‍ ആറ് സിക്സറുകള്‍ പറത്തി രവീന്ദ്ര ജഡേജയുടെ മാസ്കമരിക പ്രകടനം. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച മത്സരത്തില്‍ 10 സിക്സറുകളും 15 ഫോറുകളുമായി 69 പന്തില്‍ 154 റണ്‍സാണ് ജഡേജ അടിച്ച് കൂട്ടിയത്.

അംറേലിക്ക് എതിരെയാണ് ജാംനഗര്‍ താരമായ ജഡേജ കൊടുങ്കാറ്റായി മാറിയത്. 15-ാം ഓവറില്‍ ഓഫ് സ്പിന്നറായ നിലാം വാംഞ്ചയുടെ പന്തിലാണ് ജഡേജ ആറ് സിക്സറുകള്‍ പറത്തിയത്. 19-ാം ഓവറില്‍ റണ്‍ ഔട്ട് ആകുന്നത് വരെ അദ്ദേഹം ക്രീസില്‍ തുടര്‍ന്നു. ജഡേജയുടെ മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണ് ജാംനഗര്‍ നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അംറേലി 121 റണ്‍സിനാണ് പരാജയപ്പെട്ടത്.

ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തില്‍ വിശ്രമം ലഭിച്ച ജഡേജ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്കായി കളിക്കും. അതിന് മുമ്പുളള പരിശീലമെന്നോണം ജഡേജയ്ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു ഈ പ്രകടനം. കുറഞ്ഞ ഓവര്‍ മത്സരങ്ങളില്‍ നിന്നും ജഡേജയെ മാറ്റി നിര്‍ത്തുന്ന സെലക്ടര്‍മാരുടെ കൂടി ശ്രദ്ധ ക്ഷണിക്കുന്നതാണ് ജഡേജയുടെ പ്രകടനം. ഇതോടെ സര്‍ ഗാര്‍ഫീല്‍ഡ് സോബേര്‍സ്, രവിശാസ്ത്രി, ഹെര്‍ഷല്‍ ഗിബ്സ്, യുവരാജ് സിംഗ്, അലക്സ് ഹൈല്‍സ് എന്നിവര്‍ക്കൊപ്പം ജഡേജയും റെക്കോര്‍ഡ് പങ്കിട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ