scorecardresearch
Latest News

ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകൻ: ഷോർട് ലിസ്റ്റിലെ ആറു പേരിൽ രവി ശാസ്ത്രിയും, സെവാഗ് ഔട്ട്

ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനായി രവി ശാസ്ത്രി തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നായിരുന്നു വെസ്റ്റ് ഇൻഡീസ് പര്യടനത്തിനു പോകും മുൻപായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി പറഞ്ഞത്.

Ravi Shastri, ie malayalam

ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകരുടെ ഷോർട് ലിസ്റ്റ് തയ്യാറാക്കി. ആറു പേരാണ് ഷോർട് ലിസ്റ്റിലുളളത്. രവി ശാസ്ത്രിയും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ന്യൂസിലൻഡ് മുൻ കോച്ച് മൈക്ക് ഹെസൻ, ഓസ്ട്രേലിയ മുൻ ഓൾറൗണ്ടറും ശ്രീലങ്കൻ കോച്ചുമായ ടോം മൂഡി, വെസ്റ്റ് ഇൻഡീസ് മുൻ ഓൾ റൗണ്ടറും അഫ്ഗാനിസ്ഥാൻ കോച്ചുമായ ഫിൽ സിമ്മൺസ്, ഇന്ത്യയുടെ മുൻ ടീം മാനേജർ ലാൽഛന്ദ് രാജ്പുട്, ഇന്ത്യയുടെ മുൻ ഫീൽഡിങ് പരിശീലകൻ, റോബിൻ സിങ്, രവി ശാസ്ത്രി എന്നിവരാണ് ഷോർട് ലിസ്റ്റിലുളള ആറുപേർ.

ആറുപേരടങ്ങിയ ഈ ലിസ്റ്റായിരിക്കും ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് തലവനായ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിക്ക് (സിഎസി) മുൻപാകെ സമർപ്പിക്കുക. കപിൽ ദേവിനെ കൂടാതെ അൻഷുമാൻ ഗെയ്‌ക്‌വാഡ്, വനിത ടീം മുൻ ക്യാപ്റ്റൻ ശാന്ത രംഗസ്വാമി എന്നിവരും കമ്മിറ്റിയിലുണ്ട്. ഈ ആറുപേരിൽനിന്നും ഒരാളെ കമ്മിറ്റി ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി തിരഞ്ഞെടുക്കും. ഈ ആഴ്ചയുടെ അവസാനമോ അല്ലെങ്കിൽ അടുത്ത ആഴ്ചയുടെ ആദ്യമോ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ ആരെന്നു അറിയാനാവും.

Read Also: മുഖ്യ പരിശീലകൻ ആര്? വിരാട് കോഹ്‌ലിക്ക് ഒന്നും പറയാനാവില്ല

ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനായി രവി ശാസ്ത്രി തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നായിരുന്നു വെസ്റ്റ് ഇൻഡീസ് പര്യടനത്തിനു പോകും മുൻപായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി പറഞ്ഞത്. ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകനെ തിരഞ്ഞെടുക്കുമ്പോൾ ഇത്തവണ അഭിപ്രായം പറയാൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കാവില്ലെന്ന് ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്സ്‌പ്രസിനോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ മുൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ നേതൃത്വത്തിലുളള സ്റ്റിയറിങ് കമ്മിറ്റി ആയിരിക്കും പുതിയ കോച്ചിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. സുപ്രീം കോടതി നിയോഗിച്ച അഡ്മിനിസ്ട്രേഷന്‍ കമ്മിറ്റിയാണ് ഇതിന് അന്തിമ അംഗീകാരം നല്‍കുകയെന്നും ബിസിസിഐ ഉദ്യോഗസ്ഥൻ അറിയിച്ചു.

2017 ലെ ചാമ്പ്യൻസ് ട്രോഫിക്കു പിന്നാലെ കുംബ്ലെയും കോഹ്‌ലിയും തമ്മിലുളള പോര് രൂക്ഷമായതിനെ തുടർന്നാണ് അനിൽ കുംബ്ലെ പരിശീലക സ്ഥാനത്തുനിന്നും രാജിവച്ചത്. അതിനുശേഷമാണ് രവി ശാസ്ത്രിയെ പുതിയ കോച്ചായി തിരഞ്ഞെടുത്തത്. 2019 ലോകകപ്പ് വരെയായിരുന്നു കരാർ. എന്നാൽ ഓഗസ്റ്റ് മൂന്നിന് തുടങ്ങുന്ന ഇന്ത്യൻ ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനത്തെ തുടർന്ന് 45 ദിവസം വരെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിയുടെയും ബോളിങ് കോച്ച് ഭരത് അരുണ്‍, അസിസ്റ്റന്റ് കോച്ച് സഞ്ജയ് ബങ്കാര്‍, ഫീല്‍ഡിങ് കോച്ച് ആര്‍.ശ്രീധര്‍ എന്നിവരുടെയും സപ്പോർട്ടിങ് സ്റ്റാഫിന്റെയും കരാർ പുതുക്കി നൽകി. സെപ്റ്റംബർ 15 ന് ഇന്ത്യയിൽ നടക്കുന്ന ദക്ഷിണാഫ്രിക്കയുമായുളള പരമ്പരയ്ക്ക് മുൻപായി പുതിയ പരിശീലകനെ നിയമിക്കാനാണ് ബിസിസിഐ ശ്രമം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Six candidates short listed for indias head 286695 coach job