തിരുവനന്തപുരം: അമ്പയര്‍മാരെ പോലും മറി കടക്കുന്ന കൃത്യതയോടെ റിവ്യു വിളിക്കുന്ന ധോണി ക്രിക്കറ്റ് ആരാധകര്‍ക്ക് സ്ഥിരം കാഴ്ച്ചയാണ്. അതുകൊണ്ടാണ് ഡിആര്‍എസിനെ ധോണി റിവ്യു സിസ്റ്റം എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നത് തന്നെ. പക്ഷെ ഇവിടെ ഇതാ ധോണിയെ പോലും തിരുത്തിയിരിക്കുകയാണ് സര്‍ ജഡേജ എന്ന് വിളിക്കുന്ന രവീന്ദ്ര ജഡേജ.

ഹെറ്റ്മയറെ പുറത്താക്കിയ എല്‍ബിഡബ്ല്യുവിലായിരുന്നു ധോണിയുടെ സംശയത്തെ ജഡേജ മറികടന്നത്. വിന്‍ഡീസ് ഇന്നിങ്‌സിന്റെ 16ാം ഓവറിലായിരുന്നു സംഭവം. ജഡേജ എറിഞ്ഞ പന്ത് ഹെറ്റ്മയറുടെ പാഡിലുരസി കടന്നു പോയി. ജഡേജ അപ്പീല്‍ ചെയ്‌തെങ്കിലും വിക്കറ്റ് ലഭിച്ചില്ല. ഇതോടെ ജഡേജ റിവ്യുവിന് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ജഡേജയുടെ തീരുമാനത്തില്‍ ധോണിക്ക് ആശങ്കയുണ്ടായിരുന്നു. അത് ധോണി ജഡേജയോട് വ്യക്തമാക്കുകയും ചെയ്തു. ധോണിയുടെ സംശയം കണ്ടതോടെ റിവ്യു വിളിക്കണമോ വേണ്ടയോ എന്ന സംശയം നായകന്‍ വിരാട് കോഹ്ലിയിലും ഉടലെടുത്തു. എന്നാല്‍ ജഡേജ തന്റെ വാദത്തില്‍ തന്നെ ഉറച്ച് നിന്നതോടെ റിവ്യു വിളിക്കുകയായിരുന്നു. റിവ്യുവില്‍ പക്ഷെ ജഡേജ ശരിയാണെന്ന് തെളിഞ്ഞു. ഹെറ്റ്മയര്‍ പുറത്ത്.

ഇന്ത്യ-വിന്‍ഡീസ് പരമ്പരയിലെ അവസാന ഏകദിനവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഒരെണ്ണം സമനിലയായപ്പോള്‍ മൂന്നെണ്ണം ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. കാര്യവട്ടം ഏകദിനത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. അര്‍ധ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയും നായകന്‍ കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ അനായാസം വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

56 പന്തില്‍ നിന്നും നാല് സിക്‌സും അഞ്ച് ഫോറുമായി 63 റണ്‍സാണ് രോഹിത് നേടിയത്. ആറ് ഫോറടക്കം 29 പന്തില്‍ നിന്നും കോഹ്ലി 33 റണ്‍സും നേടി. ഒപ്പണര്‍ ശിഖര്‍ ധവാനെ മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓഷാനെ തോമസാണ് ധവാനെ പുറത്താക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook