ലണ്ടന്‍: ഇതിഹാസ താരം സെറീന വില്യംസിനെ അട്ടിമറിച്ച് റൊമാനിയന്‍ താരം സിമോണ ഹാലെപ്പിന് കന്നി വിംബിള്‍ഡണ്‍ കിരീടം. 6-2,6-2, എന്ന സ്‌കോറിനാണ് ഏഴ് തവണ കിരീടമുയര്‍ത്തിയ സെറീനയെ ഹാലെപ്പ് തകര്‍ത്തത്.

2018 ല്‍ ഫ്രഞ്ച് ഓപ്പണ്‍ ജയിച്ചതിന് ശേഷം രണ്ടാം തവണയാണ് ഹാലെപ്പ് ഗ്രാന്റ് സ്ലാം നേടുന്നത്. ഇതോടെ മ 24 ഗ്രാന്റ് സ്ലാം എന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്തുക എന്ന സെറീനയുടെ മോഹവും പൊലിഞ്ഞു.

വിംബിള്‍ഡണ്‍ നേടുന്ന ആദ്യ റൊമാനിയന്‍ താരമാണ് ഹാലെപ്പ്. പരിചയ സമ്പന്നയായ സെറീനയെ പോരാട്ട വീര്യം കൊണ്ടും കരുത്തു കൊണ്ടും ഹാലെപ്പ് മറി കടക്കുകയായിരുന്നു. ലോക റാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ് സെറീന. ഹാലെപ്പ് ഏഴാം സ്ഥാനത്തുമാണ്.

മത്സരത്തിലുടനീളം സെറീനയ്ക്ക് മേല്‍ ഹാലെപ്പ് കരുത്ത് കാണിച്ചു. ഇടയ്ക്ക് സെറീന തിരിച്ചു വന്നെങ്കിലും മുതലെടുക്കാനായില്ല. കഴിഞ്ഞ വര്‍ഷവും സെറീന ഫൈനലില്‍ തോറ്റിരുന്നു. ആഞ്ചലിക്ക കെര്‍ബറിനോടായിരുന്നു സെറീന പരാജയപ്പെട്ടത്. പിന്നീട് യുഎസ് ഓപ്പണിലും ഫൈനലില്‍ വീണു.