ചെന്നൈ: തനിക്കെതിരായ മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്.ശ്രീശാന്തിന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി ദിനേശ് കാര്‍ത്തിക്. 2013 ല്‍ ഇന്ത്യന്‍ ടീമില്‍നിന്നു താന്‍ പുറത്താകാന്‍ കാരണം കാര്‍ത്തിക്കാണെന്ന് ശ്രീശാന്ത് നേരത്തെ ആരോപിച്ചിരുന്നു. ഇതില്‍ പ്രതികരണവുമായാണ് കാര്‍ത്തിക് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ശ്രീശാന്തിന്റെ ആരോപണത്തെ കാര്‍ത്തിക് ചിരിച്ചുതള്ളി. ശ്രീശാന്ത് തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ കേട്ടിരുന്നു. ഇന്ത്യന്‍ ടീമില്‍നിന്ന് അവന്‍ പുറത്താകാന്‍ കാരണം ഞാനാണെന്നാണ് ആരോപണം. ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കുന്നത് പോലും ബാലിശമാണെന്നും കാര്‍ത്തിക് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കാര്‍ത്തിക്കിന്റെ പ്രതികരണം.
Read More: ജയിലിലായിരുന്നപ്പോൾ ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചിരുന്നു: ശ്രീശാന്ത്
2013 ലെ ചാംപ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാനാകാതെ പോയതിലായിരുന്നു ശ്രീശാന്ത് കാര്‍ത്തിക്കിനെതിരെ ആരോപണമുന്നയിച്ചത്. സുബ്ബയ്യ പിള്ള ട്രോഫിക്കിടെ തനിക്കെതിരെ കാര്‍ത്തിക് നല്‍കിയ പരാതിയാണ് ടീമിലെടുക്കാതിരുന്നതിനുള്ള കാരണമെന്ന് ശ്രീ ആരോപിച്ചിരുന്നു.
സുബ്ബയ്യ പിള്ള ട്രോഫിക്കിടെ താനും കാര്‍ത്തിക്കും തമ്മില്‍ ചെറിയ പ്രശ്‌നമുണ്ടായിരുന്നു. ഇതില്‍ കാര്‍ത്തിക് തനിക്കെതിരെ പരാതി നല്‍കുകയുണ്ടായി. ഇതോടെ ആ വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ തനിക്ക് ഇടം ലഭിച്ചില്ല. താന്‍ എന്‍.ശ്രീനിവാസനെ അപമാനിച്ചെന്നായിരുന്നു കാര്‍ത്തിക്കിന്റെ പരാതിയെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു.