ടീമുകള്‍ ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുകയാണ്. ഓരോ ദിവസം കൂടുന്തോറും ക്രിക്കറ്റിന്റെ ഏറ്റവും വലിയ പൂരത്തിനായുള്ള കാത്തിരിപ്പും വര്‍ധിക്കുകയാണ്. ഇതിനിടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും തകര്‍ക്കുന്നുണ്ട്.

അവസാന രണ്ട് സ്ഥാനത്തേക്കായാണ് ടീമുകള്‍ യോഗ്യതാ മത്സരം കളിക്കുന്നത്. സിംബാവെയും നേപ്പാളും തമ്മിലായിരുന്നു ഇന്നലെ ലോകകപ്പ് യോഗ്യതയ്ക്കായി ഏറ്റുമുട്ടിയത്. മത്സരത്തില്‍ 116 റണ്‍സിന്റെ കൂറ്റന്‍ വിജയമായിരുന്നു സിംബാവെ സ്വന്തമാക്കിയത്.

ഗ്രൂപ്പ് ബി മത്സരത്തില്‍ ടോസ് നേടിയ സിംബാവെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നേപ്പാള്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ച സിംബാവെ 381 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് നേപ്പാളിന് മുന്നില്‍ ഉയര്‍ത്തിയത്. ബ്രണ്ടന്‍ ടെയ്‌ലറുടേയു സിക്കന്ദര്‍ റാസയുടേയും സെഞ്ച്വറികളുടെ കരുത്തിലായിരുന്നു സിംബാവെയുടെ പ്രകടനം.

ടെയ്‌ലര്‍ 100 റണ്‍സ് നേടിയപ്പോള്‍ റാസ 123 റണ്‍സും നേടി. ഇടിവെട്ട് സിക്‌സിലൂടെയായിരുന്നു റാസ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ബൗണ്ടറി ലൈനും ഗ്യാലറിയും കടന്ന് ഗ്രൗണ്ടിന് പുറത്തു കിടന്ന കാറിന്റെ ചില്ലിലായിരുന്നു റാസയുടെ സിക്‌സ് ചെന്ന് വീണത്.

റാസയുടെ കൂറ്റന്‍ സിക്‌സിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. താരത്തിന്റെ കരുത്തിനേയും കളി മികവിനേയും ഒരുപോലെ പ്രശംസിക്കുകയാണ് ക്രിക്കറ്റ് ലോകം.

അതേസമയം, മറുപടി ബാറ്റിംഗിന് ഇറങ്ങിയ നേപ്പാള്‍ 116 റണ്‍സകലെ വീഴുകയായിരുന്നു. ഈ വിജയത്തോടെ സിംബാവെയുടെ ലോകകപ്പ് യോഗ്യതാ മോഹങ്ങളും വാനോളം ഉയര്‍ന്നിരിക്കുകയാണ്.