ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ കഴിഞ്ഞ കുറേ നാളുകളായി വലയ്ക്കുന്ന പ്രധാന തലവേദനകളിൽ ഒന്ന് ഓപ്പണർമാരുടെ സ്ഥിരതയില്ലായ്മയാണ്. ഓരോ പരമ്പരകളിലും ഇന്ത്യ പരീക്ഷണം തുടരുകയാണ്. എന്നാൽ ടെസ്റ്റ് ടീമിൽ ഓപ്പണർ എന്ന നിലയിൽ ഏകദേശം സ്ഥാനം ഉറപ്പിച്ച താരമായിരുന്നു കെ.എൽ.രാഹുൽ. ഇപ്പോൾ രാഹുലും പുറത്തായിരിക്കുകയാണ്. പകരം യുവതാരം ശുഭ്മാൻ ഗില്ലിനെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കഴിഞ്ഞ ഏതാനും പരമ്പരകളിൽ ഫോം കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് രാഹുൽ ഇന്ത്യൻ ടീമിന് പുറത്ത് പോകുന്നത്. റൺസ് കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് മാത്രമല്ല ആത്മവിശ്വാസവും നഷ്ടപ്പെട്ടാണ് താരം പലപ്പോഴും ക്രീസിൽ നിൽക്കുന്നത്.

Also Read: ധോണിയുടെ വിരമിക്കല്‍ വാര്‍ത്തയെ കുറിച്ച് സാക്ഷിക്കും പറയാനുണ്ട്

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ നാല് ഇന്നിങ്സുകളിൽ നിന്നായി 101 റൺസാണ് കെ.എൽ.രാഹുൽ സ്വന്തമാക്കിയത്. 38, 44, 6, 13 എന്നിങ്ങനെയാണ് കരീബിയൻ മണ്ണിലെ താരത്തിന്റെ പ്രകടനം.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ രാഹുലിന്റെ ടെസ്റ്റ് ശരാശരി 22.23 ആണ്. ഈ കാലയളവിൽ താരം കളിച്ചത് 15 ടെസ്റ്റ് മത്സരങ്ങളാണ്. ഈ മത്സരങ്ങളിൽ നിന്നും ഇംഗ്ലണ്ടിനെതിരായ സെഞ്ചുറിയും അഫ്ഗാനിസ്ഥാനെതിരായ അർധ സെഞ്ചുറിയും ഒഴിച്ച് നിർത്തിയാൽ കാര്യമായ പ്രകടനമൊന്നും രാഹുലിന് ക്രീസിൽ കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല.

Also Read: ആഷസ് ടെസ്റ്റ്: ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്ക്; മടങ്ങി വരവിൽ തിളങ്ങി മിച്ചൽ മാർഷ്

മറുവശത്ത് 20കാരൻ ശുഭ്മാൻ ഗില്ലാകട്ടെ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തന്റെ വരവ് അറിയിച്ച് കഴിഞ്ഞു. ഇന്ത്യ എയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഡബിൾ സെഞ്ചുറി നേടി ഒരിക്കൽ കൂടി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. 248 പന്തിൽ 204 റൺസാണ് താരം അടിച്ചെടുത്തത്. 82.25 പ്രഹരശേഷിയിലായിരുന്നു താരം ബാറ്റ് വീശിയത് എന്നത് എടുത്ത് പറയണം.

ശിഖർ ധവാനും കെ.എൽ.രാഹുലും ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ, മുരളി വിജയ് ചിത്രത്തിൽ തന്നെ ഇല്ലാതിരിക്കുമ്പോൾ, പൃഥ്വി ഷാ വിലക്ക് നേരിടുമ്പോൾ ഇന്ത്യക്ക് ഒരു ടെസ്റ്റ് ഓപ്പണറെ അത്യാവശ്യമാണ്. മായങ്ക് അഗർവാളിനൊപ്പം ആരെന്ന ചോദ്യത്തിന് രോഹിത് ശർമ്മയെന്ന് സെലക്ടർമാർ ഉത്തരം നൽകുന്നുണ്ടെങ്കിലും ശുഭ്മാൻ ഗില്ലിനെയും ആ സ്ഥാനത്ത് പരിഗണിച്ചാൽ ആശ്ചര്യപ്പെടേണ്ടതില്ല.

Also Read: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; ശുഭ്മാൻ ഗിൽ ടീമിൽ, രോഹിത് ഓപ്പണർ

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഓപ്പണറായി കളത്തിലിറങ്ങിയപ്പോൾ മാത്രം 1072 റൺസാണ് ശുഭ്മാൻ ഗിൽ അടിച്ചെടുത്തത്. 16 ഇന്നിങ്സുകളിൽ നിന്ന് 76.57 ശരാശരിയിലാണ് താരം 1072 റൺസ് സ്വന്തമാക്കിയത്. ഇതിൽ മൂന്ന് സെഞ്ചുറികളും ഉൾപ്പെടുന്നു. 268 റൺസാണ് താരത്തിന്റെ ഉയർന്ന സ്കോർ.

മൂന്ന് മത്സരങ്ങളാണ് ഗാന്ധി-മണ്ടേല ട്രോഫിക്കു വേണ്ടിയുള്ള പേടിഎം ഫ്രീഡം പരമ്പരയിലുള്ളത്. ഒ‌ക്‌ടോബർ രണ്ടിനാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. വിശാഖപട്ടണത്താണ് ആദ്യ ടെസ്റ്റ് മത്സരം. ഒക്‌ടോബർ 10 മുതൽ രണ്ടാം ടെസ്റ്റ് പൂനെയിൽ നടക്കും. ഒക്‌ടോബർ 19 മുതൽ റാഞ്ചിയിലാണ് മൂന്നാം ടെസ്റ്റ്.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ടീം ഇങ്ങനെ: വിരാട് കോഹ്‌ലി (നായകൻ), മായങ്ക് അഗർവാൾ, രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (ഉപനായകൻ), ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook