ടിവി ഷോയിലെ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ സസ്‌പെൻഷനിലായ ഹാർദിക് പാണ്ഡ്യയ്ക്കും കെ.എൽ.രാഹുലിനും പകരമായി ഓൾ റൗണ്ടർ വിജയ് ശങ്കറെയും ബാറ്റ്സ്മാൻ ശുഭ്മാൻ ഗില്ലിനെയും ടീമിൽ ഉൾപ്പെടുത്തി. ഓൾ ഇന്ത്യ സീനിയർ കമ്മിറ്റിയുടേതാണ് തീരുമാനം. അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റിനു മുൻപായി വിജയ് ശങ്കർ ടീമിനൊപ്പം ചേരും.

ഏകദിന ടീമിൽ 19 കാരനായ ഗിൽ ഉൾപ്പെടുന്നത് ഇതാദ്യമാണ്. രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനമാണ് ഗിൽ നടത്തിയത്. 10 ഇന്നിങ്സുകളിൽ നിന്നായി 790 റൺസാണ് ഗിൽ നേടിയത്. 2019 ഇന്ത്യൻ ടീമിനു വേണ്ടി കളിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അടുത്തിടെ ഇന്ത്യൻ എക്‌സ്പ്രസിനോട് ഗിൽ സംസാരിച്ചിരുന്നു.

കഴിഞ്ഞ വർഷം നടന്ന നിദാസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു വിജയ് ശങ്കർ. അടുത്തിടെ പൂർത്തിയായ ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലും ശങ്കർ മികച്ച പ്രടനം പുറത്തെടുത്തിരുന്നു. തമിഴ്നാട്ടിൽനിന്നുള്ള മിഡിൽ ഓർഡർ ബാറ്റ്സ്മാനായ 27 കാരൻ വിജയ് ബോളർ കൂടിയാണ്. ഇന്ത്യയ്ക്കായി അഞ്ചു ടി ട്വന്റി മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിജയ് ശങ്കർ, ശിഖർ ധവാൻ, അമ്പാട്ടി റായിഡു, ദിനേശ് കാർത്തിക്, കേദാർ ജാദവ്, എം.എസ്.ധോണി, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, കെ.ഖലീൽ അഹമ്മദ്, മുഹമ്മദ് ഷമി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook