ഓസ്ട്രേലിയയിലെ ടെസ്റ്റ് പരമ്പര നേട്ടത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് 21 കാരൻ ശുഭ്‌മാൻ ഗിൽ. ഓസ്ട്രേലിയയിലെ മികച്ച പ്രകടനം ഗില്ലിന് രാജ്യാന്തര ടീമിൽ ഇരിപ്പിടം ഉറപ്പിക്കുകയാണ്. ടെസ്റ്റിൽ ഗിൽ ഓപ്പണറായി തുടരും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഗിൽ ഓപ്പണർ സ്ഥാനത്ത് തുടരും. രോഹിത് ശർമയോ മായങ്ക് അഗർവാളോ ആയിരിക്കും മറ്റൊരു ഓപ്പണർ. സമീപകാലത്ത് ഇന്ത്യയ്‌ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണർ സ്ഥാനത്ത് തിളങ്ങിയ യുവതാരമാണ് ഗിൽ.

തനിക്ക് ഓപ്പണർ സ്ഥാനത്ത് കളിക്കാനാണ് കൂടുതൽ താൽപര്യമെന്ന് ഗിൽ പറയുന്നു. ടീം ആഗ്രഹിക്കുന്ന പോലെ ഏത് സ്ഥാനത്ത് കളിക്കാനും ഇഷ്‌ടമാണെന്നും എന്നാൽ, ഓപ്പണറായി കളിക്കുന്നത് കൂടുതൽ ആസ്വദിക്കുന്നതായും താരം പറഞ്ഞു. “ഞാനൊരു ഓപ്പണർ ബാറ്റ്‌സ്‌മാനാണ്. എപ്പോഴും ഓപ്പൺ ചെയ്യാൻ ഞാൻ അതിയായി ഇഷ്‌ടപ്പെടുന്നു,” ഗിൽ പറഞ്ഞു. “ഞാൻ കളിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആക്രമിച്ച് കളിക്കുന്നതിനോടാണ് താൽപര്യം. വളരെ ഫ്രീയായി ബാറ്റ് ചെയ്യാൻ ഇഷ്‌ടപ്പെടുന്നു. ബൗളർമാർക്കുമേൽ ആധിപത്യം സ്ഥാപിക്കുന്ന രീതിയോടാണ് താൽപര്യം,” ഗിൽ നിലപാട് വ്യക്തമാക്കി.

Read Also: കണ്ണുമടച്ച് ഞാൻ ഓടി, പരുക്കേറ്റ സൈനിയോട് മൂന്നെന്ന് അലറി വിളിച്ചു: വിജയ നിമിഷത്തെക്കുറിച്ച് പന്ത്

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്‌ക്കായി ആറ് ഇന്നിങ്സുകൾ കളിച്ച ഗിൽ ഇതുവരെ 259 റൺസ് നേടിയിട്ടുണ്ട്. 51.8 ആണ് ശരാശരി. 91 റൺസാണ് ഏറ്റവും ഉയർന്ന സ്‌കോർ. ടെസ്റ്റിൽ ഇന്ത്യയ്‌ക്കായി ഇനി ഓപ്പണർ സ്ഥാനത്ത് ഗിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. മൂന്ന് ഏകദിന മത്സരങ്ങൾ ഇന്ത്യയ്ക്കായി കളിച്ച ഗിൽ 49 റൺസാണ് നേടിയിട്ടുള്ളത്. ഏകദിനത്തിൽ മികച്ച നേട്ടം കൈവരിക്കാൻ താരത്തിനു സാധിച്ചിട്ടില്ല. എന്നാൽ, ആക്രമിച്ചു കളിക്കാനുള്ള ഗില്ലിന്റെ മനോധൈര്യം കൂടുതൽ ഫോർമാറ്റിൽ ഓപ്പണർ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം കിട്ടാൻ താരത്തിനു സഹായകരമാകും.

ഷോർട്ട് ബോളുകൾ കളിക്കാൻ ഗില്ലിന് പ്രത്യേക പ്രാവീണ്യമുണ്ട്. ബൗളർമാർ തനിക്കുമേൽ മേധാവിത്തം സ്ഥാപിക്കും മുൻപ് അങ്ങോട്ട് കയറി ആക്രമിക്കാനുള്ള ശീലമാണ് ഗില്ലിനെ വ്യത്യസ്‌തനാക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിനു പുറമേ ഏകദിനത്തിലും ടി 20 യിലും ഗില്ലിന് ഉടൻ അവസരം ലഭിച്ചേക്കും. ശിഖർ ധവാന് പകരം ഗില്ലിന് അവസരം ലഭിക്കാനാണ് സാധ്യത. 2018ൽ പൃഥ്വിഷാ നയിച്ച ടീം അണ്ടർ 19 ലോകകപ്പ് നേടിയപ്പോൾ ടൂർണമെന്റിന്റെ താരം ശുഭ്‌മാൻ ഗിൽ ആയിരുന്നു. ആ ലോകകപ്പിൽ 372 റൺസ് നേടിയ ഗിൽ തന്നെയായിരുന്നു ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയതും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook