മുംബൈ: അണ്ടർ-19 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചത് മുതിർന്ന ഇന്ത്യൻ താരത്തിന് നന്ദി പറഞ്ഞ് ഇന്ത്യൻ ഉപനായകൻ ശുഭ്മാൻ ഗിൽ. ആരാധകരുടെ പ്രിയതാരം യുവരാജ് സിങ്ങിനോടാണ് ശുഭ്മാൻ തന്രെ കടപ്പാട് അറിയിക്കുന്നത്. ഇത് നാലാം തവണയാണ് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഉയർത്തുന്നത്.

യുവി പാജിയുടെ ഉപദേശങ്ങൾ വലിയ ഊർജ്ജമാണ് നൽകിയത്, അദ്ദേഹത്തിന്റെ ഒപ്പമുള്ള പരിശീലനവും വ്യക്തിപരമായി തനിക്ക് ഗുണം ചെയ്തുവെന്നും ഗിൽ പ്രതികരിച്ചു. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽവെച്ചാണ് യുവരാജ് സിങ്ങിനെ കണ്ടുമുട്ടാൻ സാധിച്ചതെന്നും ഗിൽ പറഞ്ഞു.

ബാറ്റിങ്ങ് ടെക്നിക്കുകളെപ്പറ്റിയുള്ള യുവരാജ് സിങ്ങിന്റെ അഭിപ്രായങ്ങൾ തന്നെ ഒരുപാട് സ്വാധീനിച്ചെന്നും ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇത് സഹായകരമായെന്നും ഗിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ത്യൻ ഉപനായകനായ ശുഭ്മാൻ ഗില്ലായിരുന്നു ടൂർണ്ണമെന്റിലെ മികച്ചതാരം ഒരു സെഞ്ചുറിയും 3 അർധസെഞ്ചുറികളുമടക്കം 371 റൺസാണ് ഈ 18കാരൻ അടിച്ച് കൂട്ടിയത്. ടൂർണ്ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുളള പുരസ്ക്കാരവും ഗില്ലിനെ തേടിയെത്തി.

ഇത് നാലാം തവണയാണ് അണ്ടര്‍ 19 ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ഇന്ത്യ കിരീടം സ്വന്തമാക്കുന്നത്. ഇത്തവണ ഓസ്ട്രേലിയയ്ക്കെതിരെ മഞ്ചോത് കര്‍ലയുടെ സെഞ്ചുറിയുടെ മികവില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ കപ്പ് നേടിയത്. സ്‌കോര്‍: ഓസ്ട്രേലിയ 216-10 (47.2) ഇന്ത്യ 220-2 (38.5).

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ പുലിക്കുട്ടികള്‍ക്ക് പാരിതോഷികവുമായി ബിസിസിഐയും രംഗത്തെത്തിയിട്ടുണ്ട്. താരങ്ങള്‍ക്കും കോച്ച് രാഹുല്‍ ദ്രാവിഡിനും 50 ലക്ഷം രൂപയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ