മുംബൈ: പ്രായം 20, പക്ഷെ ഇതിനോടകം തന്നെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി തന്റെ കരങ്ങളില്‍ ഭദ്രമായിരിക്കുമെന്ന് ശുബ്മാന്‍ ഗില്‍ തെളിയിച്ചിട്ടുണ്ട്. റെക്കോര്‍ഡുകള്‍ പലതും ഈ ചെറു പ്രായത്തില്‍ താരം തന്റേതാക്കി മാറ്റിയിട്ടുണ്ട്. ആ പട്ടികയിലേക്ക് ഇന്ന് മറ്റൊരു റെക്കോര്‍ഡ് കൂടി എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്.

ചില്ലറ റെക്കോര്‍ഡല്ല ഗില്‍ തകര്‍ത്തത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ 10 വര്‍ഷം പഴക്കമുള്ള നേട്ടമാണ് ഗില്‍ തിരുത്തിയത്. ദേവ്ധര്‍ ട്രോഫിയുടെ ഫൈനലിലാണ് ഗില്‍ പുതിയ ചരിത്രം കുറിച്ചത്.

ദേവ്ധര്‍ ട്രോഫിയുടെ ഫൈനലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകന്‍ എന്ന് റെക്കോര്‍ഡാണ് ഗില്‍ തന്റെ പേരിലാക്കിയത്. 20 വര്‍ഷവും 57 ദിവസവുമാണ് ഗില്ലിന് പ്രായം. 47-ാമത് ദേവ്ധര്‍ ട്രോഫിയുടെ ഫൈനലില്‍ ഇന്ത്യ സിയെയാണ് ശുബ്മാന്‍ നയിച്ചത്. ഉത്തരമേഖലയെ 2009-10 ലെ ദേവ്ധര്‍ ട്രോഫിയുടെ ഫൈനലില്‍ നയിക്കുമ്പോള്‍ വിരാടിന്റെ പ്രായം 21 വര്‍ഷവും 142 ദിവസവുമായിരുന്നു.

അതേസമയം, ബാറ്റുകൊണ്ട് ശുബ്മാന് തിളങ്ങാനായില്ല. ഒരു റണ്‍സ് മാത്രമെടുത്ത ഗില്ലിനെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. ടൂര്‍ണമെന്റില്‍ ഇത് രണ്ടാം തവണയാണ് ഗില്‍ ഒരു റണ്‍ എടുത്ത് പുറത്താകുന്നത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ബി കേദാര്‍ ജാദവിന്റെ 86 റണ്‍സിന്റെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സാണെടുത്തത്. ഇന്ത്യ സിയ്ക്കായി ഇഷാന്‍ പോരേല്‍ അഞ്ച് വിക്കറ്റും നേടി.

എന്നാല്‍ മത്സരം ഇന്ത്യ ബി ജയിച്ചു. ഇന്ത്യ സിയെ 232 റണ്‍സിന് പുറത്താക്കിയതാണ് ബി ദേവ്ധര്‍ കിരീടം ഉയര്‍ത്തിയത്. 74 റണ്‍സെടുത്ത പ്രിയം ഗാര്‍ഗ് മാത്രമാണ് സിയുടെ ബാറ്റിങ് നിരയില്‍ തിളങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook