പഞ്ചാബും ഡൽഹിയും തമ്മിൽ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ ആദ്യ ദിനത്തിൽ നാടകീയ രംഗങ്ങൾ. പഞ്ചാബ് താരം ശുഭ്‌മാൻ ഗില്ലിന്റെ വിക്കറ്റിനെ ചൊല്ലിയായിരുന്നു അപ്രതീക്ഷിത സംഭവങ്ങൾ മൈതാനത്ത് അരങ്ങേറിയത്. ഔട്ട് വിളിച്ച അംപയർക്കെതിരെ താരം തന്നെ രംഗത്തെത്തിയതോടെ അപ്രതീക്ഷിത സംഭവങ്ങളാണ് മെെതാനത്ത് അരങ്ങേറിയത്. അംപയർ ഔട്ട് വിളിച്ചിട്ടും ശുഭ്‌മാൻ ഗിൽ ക്രീസിൽ നിന്ന് പോയില്ല. വിക്കറ്റ് സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു താരം.

ശുഭ്‌മാൻ ഗിൽ അംപയർക്കെതിരെ തിരിഞ്ഞതോടെ മത്സരം അനിശ്ചിതത്വത്തിലാകുകയായിരുന്നു. വിക്കറ്റ് കീപ്പർക്ക് ക്യാച്ച് സമ്മാനിക്കുകയായിരുന്നു ഗിൽ. ഇതിനു പിന്നാലെ അംപയർ ഔട്ട് വിധിക്കുകയും ചെയ്‌തു. ഇതിൽ ഗിൽ ക്ഷുഭിതനായി. അംപയറുടെ അടുത്ത് പോയി കോപിച്ചു. ഔട്ട് സമ്മതിക്കില്ലെന്ന് താരം പറഞ്ഞു. അംപയർ പശ്ചിം പതക് ആണ് ഗില്ലിന്റെ കോപത്തിന് ഇരയായത്. പശ്ചിം പതകിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. ശുഭ്‌മാൻ ഗിൽ ദേഷ്യപ്പെട്ടതോടെ അംപയർ സമ്മർദത്തിലായി. തുടർന്ന് ഔട്ട് പിൻവലിച്ചു.

Read Also: സവര്‍ക്കറെ തൊട്ടുകളിക്കരുത്; കോണ്‍ഗ്രസിനെതിരെ ബിജെപിയും ശിവസേനയും

സമ്മർദത്തിനു വഴങ്ങി അംപയർ ഔട്ട് പിൻവലിച്ചതോടെ ഡൽഹി താരങ്ങൾ പ്രകോപിതരായി. പ്രതിഷേധ സൂചകമായി ഡൽഹി ടീം കളിയിൽ നിന്ന് പിൻവാങ്ങി. പിന്നീട് മാച്ച് റഫറിമാർ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. ക്രീസിലെത്തി വീണ്ടും ബാറ്റിങ് തുടർന്ന ഗിൽ വ്യക്തിഗത സ്കോർ 23 റൺസായപ്പോൾ കീപ്പർക്ക് ക്യാച്ച് നൽകി കൂടാരം കയറി. ശുഭ്‌മാൻ ഗില്ലിന്റെ കളിക്കളത്തിലെ പെരുമാറ്റത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സംഭവം ക്രിക്കറ്റ് ലോകത്ത് ചൂടേറിയ ചർച്ചക്ക് വഴിവെച്ചിട്ടുണ്ട്.

Read Also:ശെടാ, ഒന്ന് മൂക്ക് ചൊറിയാനും പാടില്ലേ? ക്രിക്കറ്റ് കാണികളെ പൊട്ടിച്ചിരിപ്പിച്ച് അംപയര്‍

അതേസമയം രഞ്ജി ട്രോഫി ക്രിക്കറ്റിലെ മറ്റൊരു മത്സരത്തിൽ ആദ്യ ദിനം ഹൈദരാബാദിനെതിരെ കേരളത്തിന്റെ തുടക്കം മോശമായി. ആദ്യ ദിനം കളി അവസാനിച്ചപ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് എന്ന നിലയിലാണ് കേരളം.

മഴ മൂലം വൈകി തുടങ്ങിയ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു കേരളം. മുൻനിര ബാറ്റ്സ്മാൻമാർ അമ്പേ പരാജയപ്പെട്ടതാണ് ആദ്യ ദിനം ടീമിന് തിരിച്ചടിയായത്. മഴ പിച്ചിന്റെ സ്വഭാവം മാറ്റിയതും കേരളത്തിന് തലവേദനയായി.

16 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും ഓപ്പണർമാരെ നഷ്ടമായി. മൂന്നാമനായി എത്തിയ രോഹൻ പ്രേം റണ്ണൊന്നും എടുക്കാതെ മടങ്ങിയപ്പോൾ റോബിൻ ഉത്തപ്പയിലും നായകൻ സച്ചിൻ ബേബിയിലും പ്രതീക്ഷയർപ്പിച്ചെങ്കിലും ഒമ്പത് റൺസെടുത്ത് ഉത്തപ്പയും 29 റൺസെടുത്ത് സച്ചിനും മടങ്ങി.

വിഷ്ണു വിനോദും (19) സല്‍മാന്‍ നിസാറും (37) പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും കീഴടങ്ങുകയായിരുന്നു. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ അക്ഷയ് ചന്ദ്രനും ബേസില്‍ തമ്പിയുമാണ് ക്രീസില്‍. ഹൈദരാബാദിനായി രവി കിരൺ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകൾ നേടിയപ്പോൾ സാക്കെത് സൈറാം, രവി തേജ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

സീസണില്‍ നാലാം മത്സരത്തിനിറങ്ങിയ കേരളത്തിന് ഇതുവരെ ഒരു ജയം പോലും നേടാനായിട്ടില്ല. ആദ്യ മത്സരത്തില്‍ കരുത്തരായ ഡല്‍ഹിയുമായി സമനിലയോടെ തുടങ്ങിയപ്പോൾ കേരളം പിന്നീട് ബംഗാളിനോടും ഗുജറാത്തിനോടും തോല്‍വിയേറ്റുവാങ്ങുകയായിരുന്നു. കഴിഞ്ഞ സീസണിൽ സെമി ഫൈനലിൽ എത്താൻ ടീമിന് സാധിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook