മധ്യനിരയിലെ ഇന്ത്യയുടെ ഏറെ നാളത്തെ ആശങ്കകൾ അവസാനിപ്പിച്ചുകൊണ്ട് നിശ്ചിത ഓവർ ക്രിക്കറ്റിൽ ദേശീയ ടീമിലെ സ്ഥിരസാനിധ്യമാവുകയാണ് ശ്രേയസ് അയ്യർ എന്ന മുംബൈ മലയാളി. ക്രീസിൽ നിലയുറപ്പിച്ചുകൊണ്ടുള്ള അക്രമണമാണ് താരത്തെ മധ്യനിരയിലെ വിശ്വസ്തനാക്കുന്നത്. ഇന്ത്യയുടെ അടുത്തിടെ പൂർത്തിയായ പരമ്പരകളിൽ താരത്തിന്റെ മികവ് നമ്മൾ കണ്ടതാണ്. ഇപ്പോൾ തന്റെ ബാറ്റിങ് കണ്ട രാഹുൽ ദ്രാവിഡിന്റെ ആദ്യ പ്രതികരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
ഒരു ചതുർദിന മത്സരത്തിലാണ് രാഹുൽ ദ്രാവിഡ് തന്റെ ബാറ്റിങ് ആദ്യമായി കാണുന്നതെന്ന് ശ്രേയസ് പറയുന്നു. ആ ദിവസത്തിലെ അവസാന ഓവറിൽ ബോളറെ നേരിടുന്നത് താനായിരുന്നു. ഡ്രെസിങ് റൂമിൽ രാഹുൽ ദ്രാവിഡ്. കാര്യമായ റിസ്ക് എടുക്കാതെ ഞാൻ ആ ദിവസത്തെ കളി അവസാനിപ്പിക്കുമെന്നാണ് ദ്രാവിഡ് കരുതിയതെന്നും എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നെന്നും ശ്രേയസ്.
Also Read: കൊറോണ മുടക്കിയത് എട്ട് ഓസീസ് താരങ്ങളുടെ വിവാഹം
“ബോളർ ഒരു ഫ്ലൈറ്റഡ് ഡെലിവറിയാണ് നടത്തിയത്. ക്രീസിന് പുറത്തിറങ്ങിയ ഞാൻ പന്ത് തൂക്കിയടിച്ചു. വായുവിലൂടെ പന്ത് ബൗണ്ടറി കടന്ന് സിക്സായി. ഡ്രെസിങ് റൂമിലിരിക്കുന്നവരൊക്കെ ഞെട്ടി ആരാണ് അവസാന ഓവർ ഇങ്ങനെ കളിക്കുന്നതെന്ന്.” ആ ദിവസം പിന്നീട് രാഹുൽ ദ്രാവിഡ് തന്റെ അടുത്ത് വന്ന് പറഞ്ഞു,” ബോസ് എന്താണ് ഇത്. ദിവസത്തിന്റെ അവസാന ഓവറിലാണ് നിങ്ങളിങ്ങനെ ചെയ്യുന്നത്?” എന്നാൽ പിന്നീടാണ് എന്താണ് അദ്ദേഹം പറയാനുദ്ദേശിച്ചതെന്ന് തനിക്ക് മനസിലായതെന്നും ശ്രേയസ് കൂട്ടിച്ചേർത്തു.
Also Read: ഫുട്ബോൾ അവസാനിച്ചുവെന്ന് സ്വപ്നം കണ്ട റൊണാൾഡോ; താരങ്ങളുടെ രസകരമായ ഒരു ഗ്രൂപ്പ് ചാറ്റ്
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ബാറ്റിങ്ങിൽ ശ്രേയസ് വരുത്തിയ മാറ്റമാണ് താരത്തെ ഇന്ത്യൻ ടീമിലെത്തിച്ചത്. വിക്കറ്റിനെക്കുറിച്ച് ചിന്തിക്കാതെ റൺസ് അടിച്ചുകൂട്ടുന്ന ശൈലിയായിരുന്നു തുടക്കത്തിൽ ശ്രേയസിന്റേത്. എന്നാൽ ഇപ്പോൾ ഉത്തരവാദിത്വത്തോടെ ബാറ്റ് വീശാൻ താരത്തെ പ്രാപ്തനാക്കി. ഇത് സ്ഥിരതയോടെ കളിക്കാനും താരത്തെ സഹായിക്കുന്നുണ്ട് എന്ന് വ്യക്തമാണ്.