പൂനെ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഇന്ത്യയുടെ സ്റ്റാർ ബാറ്റ്‌സ്‌മാൻ ശ്രേയസ് അയ്യർ പുറത്ത്. ശേഷിക്കുന്ന നാല് ഏകദിന മത്സരത്തിൽ അയ്യർ കളിക്കില്ല. ആദ്യ ഏകദിനത്തിൽ പരുക്കേറ്റതിനെ തുടർന്നാണ് ശ്രേയസ് അയ്യർക്ക് പുറത്തിരിക്കേണ്ടി വന്നത്. ഐപിഎല്ലിന്റെ ആദ്യ പകുതിയും ശ്രേയസ് അയ്യർക്ക് നഷ്‌ടമാകും.
ഫീൽഡ് ചെയ്യുന്നതിനിടെയാണ് ശ്രേയസ് അയ്യർക്ക് പരുക്കേറ്റത്. ഇംഗ്ലണ്ടിന്റെ എട്ടാം ഓവറിലായിരുന്നു സംഭവം. ജോണി ബെയർസ്റ്റോയുടെ ഷോട്ട് തടുക്കാൻ ചാടിയപ്പോൾ ഷോൽഡറിനു പരുക്കേൽക്കുകയായിരുന്നു. ഇടത് ഷോൽഡറിൽ വലിയ വേദനയാണ് താരത്തിനു അനുഭവപ്പെട്ടത്. പരുക്കിൽ നിന്ന് മുക്തനാകാൻ ഏകദേശം ആറ് ആഴ്‌ചത്തെ വിശ്രമമാണ് താരത്തിനു വേണ്ടത്.
Read Also: ‘അച്ഛൻ ഞങ്ങൾക്കൊപ്പം ഡ്രസിങ് റൂമിലുണ്ടായിരുന്നു’; വൈകാരികം ഈ വാക്കുകൾ
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് നായകനാണ് ശ്രേയസ് അയ്യർ. ഈ സീസണിലെ ആദ്യ ഏഴ് മത്സരങ്ങളോളം ശ്രേയസ് അയ്യർക്ക് നഷ്ടമായേക്കും. അയ്യരുടെ അഭാവത്തിൽ ഋഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിനെ നയിക്കാനാണ് സാധ്യത. സ്റ്റീവ് സ്‌മിത്ത്, ആർ.അശ്വിൻ എന്നിവരെയും നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.