ബാറ്റ്‌സ്‌മാൻമാരുടെ ബാഹുല്യമാണ് ഇപ്പോഴത്തെ ഇന്ത്യൻ ടീമിനെ അലട്ടുന്നത്. മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന നിരവധി താരങ്ങൾ ഇന്ത്യയ്‌ക്കുണ്ട്. എന്നാൽ, കഴിഞ്ഞ കുറെ നാളായി ഇന്ത്യയെ അലട്ടിയിരുന്ന പ്രധാന പ്രശ്‌നം നാലാം നമ്പറിൽ ആര് ബാറ്റ് ചെയ്യും എന്നതാണ്. അമ്പാട്ടി റായിഡു, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, ഋഷഭ് പന്ത്, വിജയ് ശങ്കർ, ദിനേശ് കാർത്തിക് തുടങ്ങി നിരവധി താരങ്ങൾ നാലാം നമ്പറിൽ ക്രീസിലെത്തിയിട്ടുണ്ട്. നാലാം നമ്പറിലേക്ക് കൃത്യമായി ഒരാളെ തിരഞ്ഞെടുക്കാൻ ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നില്ല. എന്നാൽ, ആ സ്ഥാനത്തിനു താൻ തന്നെയാണ് യോഗ്യനെന്ന് ശ്രേയസ് അയ്യർ പറയുന്നു.

“നാലാം നമ്പറിനായുള്ള ചർച്ചകൾ അവസാനിപ്പിക്കാം. നാലാം നമ്പർ സ്ഥാനത്തിനു ഞാൻ യോഗ്യനാണെന്നാണ് വിശ്വാസം. നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്നത് ഞാൻ ആസ്വദിക്കുകയും ഇഷ്‌ടപ്പെടുകയും ചെയ്യുന്നു. ഒരു വർഷത്തോളമായി ഞാൻ നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്നുണ്ട്. പല അഭിമുഖങ്ങളിലും ഞാൻ ഇത് പറഞ്ഞിട്ടുണ്ട്. നാലാം നമ്പർ സ്ഥാനത്തെ കുറിച്ച് എനിക്ക് നല്ല പ്രതീക്ഷയുണ്ട്. എന്നാൽ, സാഹചര്യത്തിനനുസരിച്ച് ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ ഞാൻ തയ്യാറാണ്.” ശ്രേയസ് അയ്യർ പറഞ്ഞു. ഇൻസ്റ്റഗ്രാം ചാറ്റിലാണ് ശ്രേയസ് അയ്യറുടെ പ്രതികരണം.

Read Also: സ്ഥിതി കൂടുതൽ വഷളാകുന്നു, ഇപ്പോഴത്തെ വെല്ലുവിളി ജാഗ്രതക്കുറവ്: ലോകാരോഗ്യ സംഘടന

2018 നു ശേഷം ഇതുവരെ ഒൻപത് തവണയാണ് ശ്രേയസ് അയ്യർ നാലാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയിരിക്കുന്നത്. ഇത്രയും മത്സരത്തിൽ നിന്ന് 56.85 ശരാശരിയിൽ 398 റൺസ് ശ്രേയസ് അയ്യർ നേടിയിട്ടുണ്ട്. 2015 ൽ ഐപിഎല്ലിലൂടെയാണ് ശ്രേയസ് അയ്യർ ശ്രദ്ധിക്കപ്പെടുന്നത്.

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ ശ്രേയസ് വാനോളം പുകഴ്‌ത്തി. ഓരോ മത്സരങ്ങളിലും ഒരു തുടക്കക്കാരനുള്ള ഉത്സാഹത്തോടെയാണ് കോഹ്‌ലി ബാറ്റ് ചെയ്യുന്നതെന്ന് ശ്രേയസ് പറഞ്ഞു. “എല്ലാ യുവതാരങ്ങൾക്കും കോഹ്‌ലി ഒരു മാതൃകയാണ്. റൺസ് നേടാനുള്ള കോഹ്‌ലിയുടെ ഉത്സാഹം മാതൃകാപരമാണ്. കരുത്തിൽ ഒരു സിംഹത്തിനു തുല്യനാണ് അദ്ദേഹം. ആ കരുത്ത് ഒരിക്കലും കോഹ്‌ലിക്ക് നഷ്‌ടപ്പെടില്ല.” ശ്രേയസ് അയ്യർ പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ നാലാം നമ്പർ താരത്തിനായുള്ള വർഷങ്ങൾ നീണ്ട അന്വേഷണം അവസാനിച്ചുവെന്നും അത് ശ്രേയസ് അയ്യറിനു അർഹതപ്പെട്ടതാണെന്നും ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ നേരത്തെ പറഞ്ഞിരുന്നു. ഇനി ആരും ആ സ്ഥാനത്തിനു വേണ്ടി കാത്തിരിക്കേണ്ടെന്നും രോഹിത് പറഞ്ഞിരുന്നു. സമ്മർദ്ദമില്ലാതെ നാലാം സ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ സാധിക്കുന്ന താരമാണ് ശ്രേയസ് അയ്യറെന്നും രോഹിത് പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook