ഇന്ത്യൻ യുവതാരം ശ്രേയസ് അയ്യരെ ഐപിഎൽ ടീമായ കൊൽക്കത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായി നിയമിച്ചു. കഴിഞ്ഞ ശനിയാഴ്ച നടന്ന ഐപിഎൽ മെഗാലേലത്തിൽ വാശിയേറിയ ലേലം വിളികൾക്ക് ഒടുവിൽ 27-കാരനായ ശ്രേയസിനെ 12.25 കോടിക്കാണ് കൊൽക്കത്ത സ്വന്തമാക്കിയത്. ശ്രേയസിന്റെ മുൻ ടീമായ ഡൽഹിയാണ് താരത്തിനായി രംഗത്തുണ്ടായിരുന്നത്.
കഴിഞ്ഞ സീസണിന്റെ ആദ്യ പകുതിയിൽ തോളിനേറ്റ പരുക്ക് കാരണം കളിയ്ക്കാൻ കഴിയാതിരുന്ന ശ്രേയസിന്, ഡൽഹി ക്യാപിറ്റൽസിലെ നായകസ്ഥാനം റിഷഭ് പന്തിന് കൈമാറേണ്ടി വന്നിരുന്നു. രണ്ടാം ഘട്ടത്തിൽ ശ്രേയസ് തിരികെയെത്തിയെങ്കിലും പന്ത് തന്നെയാണ് ടീമിനെ നയിച്ചത്.
“കെകെആർ പോലൊരു ടീമിനെ നയിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഐപിഎൽ ഒരു ടൂർണമെന്റ് എന്ന നിലയിൽ വിവിധ രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള മികച്ച കളിക്കാരെ ഒരുമിച്ച് കൊണ്ടുവരുന്നു, വളരെ കഴിവുള്ള വ്യക്തികളുള്ള ഈ മഹത്തായ ഗ്രൂപ്പിനെ നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”എന്നാണ് നായകസ്ഥാനം നൽകിയതിന് പിന്നാലെ ഫ്രാഞ്ചൈസി പുറത്തിറക്കിയ പ്രസ്താവനയിൽ ശ്രേയസ് പറഞ്ഞത്.
ടീമിന്റെ മുഖ്യപരിശീലകൻ ബ്രണ്ടൻ മക്കല്ലവും തീരുമാനത്തിലുള്ള തന്റെ ആവേശം പങ്കുവച്ചു. “ശ്രേയസിന്റെ കളിയും അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി കഴിവുകളും ഞാൻ ദൂരെ നിന്ന് ആസ്വദിച്ചിട്ടുണ്ട്, ഇപ്പോൾ കെകെആറിനെ ഞങ്ങൾ ആഗ്രഹിക്കുന്ന ശൈലിയിൽ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” മക്കല്ലം പറഞ്ഞു.
Also Read: ബാംഗ്ലൂരിന് തിരിച്ചടി; സീസണിന്റെ തുടക്കത്തില്‍ മാക്‌സ്‌വെല്‍ ഉണ്ടാകില്ല