വിരാട് കോഹ്‌ലിയുടെ സമീപകാലത്തെ പ്രകടനം ലോകത്തിലെ തന്നെ മികച്ച ക്രിക്കറ്ററായി താരത്തെ മാറ്റിയിരിക്കുകയാണ്. പല ക്രിക്കറ്റ് താരങ്ങളെയും കോഹ്‌ലിയുമായി താരതമ്യപ്പെടുത്തി പറയാറുണ്ട്. സ്റ്റീവ് സ്മിത്ത്, ജോയ് റൂട്ട്, കെയ്ൻ റിച്ചാർഡ്സൺ എന്നീ മൂന്നു താരങ്ങളെ നിരന്തരം കോഹ്‌ലിയുമായി താരതമ്യപ്പെടുത്തി പറയാറുണ്ട്. ഇവർക്കുപുറമേ പാക് താരം ബാബർ അസമിനെയും കോഹ്‌ലിയോട് താരതമ്യപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വർഷം പാക്കിസ്ഥാൻ കോച്ച് മിക്കി ആർതൂർ ആണ് അസമിനെ കോഹ്‌ലിയുമായി താരതമ്യപ്പെടുത്തിയത്. 23 കാരനായ അസമിന്റെ പ്രകടനം ആ പ്രായത്തിൽ കോഹ്‌ലിയുടെ പ്രകടനത്തെ ഓർമിപ്പിക്കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ തന്നെ കോഹ്‌ലിയുമായി താരതമ്യപ്പെടുത്തരുതെന്നാണ് അസം പറഞ്ഞിരിക്കുന്നത്. ഇഎസ്പിഎൻ ക്രിക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അസം ഇക്കാര്യം പറഞ്ഞത്.

ലോകത്തിലെ നമ്പർ വൺ ബാറ്റ്സ്മാനാണ് കോഹ്‌ലി. അത്തരത്തിലൊരു വലിയ കളിക്കാരനുമായാണ് കോച്ച് എന്നെ താരതമ്യപ്പെടുത്തിയത്. അങ്ങനെ ചെയ്യരുതെന്നാണ് ഞാൻ പറയുന്നത്. ഞങ്ങളുടെ രണ്ടുപേരുടെയും തുടക്ക കാലത്തെ കരിയർ ഏതാണ്ട് ഒരുപോലെയാണ്. പക്ഷേ കോഹ്‌ലി നമ്പർ വൺ ബാറ്റ്സ്മാനാണ്. പാക്കിസ്ഥാനുവേണ്ടി ഇനിയും മികച്ച രീതിയിൽ കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്- അസം പറഞ്ഞു.

നേരത്തെ സൗത്ത് ആഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സിനെ അനുകരിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഇപ്പോൾ കോഹ്‌ലിയെയും ഹാഷിം അംലയെയുമാണ് പിന്തുടരുതുന്നതെന്നും അസം പറഞ്ഞു. എബി ഡിവില്ലിയേഴ്സിന്റെ ബാറ്റിങ് എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ അദ്ദേഹത്തെപ്പോലെ കളിക്കാൻ ശ്രമിക്കുമായിരുന്നു. നെറ്റ്സിൽ പരിശീലിക്കുമ്പോൾ ചില ഷോട്ടുകൾ അദ്ദേഹത്തെപ്പോലെ ചെയ്യാൻ ശ്രമിക്കും. പക്ഷേ ഇപ്പോഴും അത്തരം ഷോട്ടുകൾ ഞാൻ കളിക്കളത്തിൽ ചെയ്യാൻ നോക്കിയിട്ടില്ല. എന്രേതായ രീതിയിലാണ് കളിക്കുന്നത്. ഡിവില്ലിയേഴ്സിനു പുറമേ കോഹ്‌ലിയുടയും ഹാഷിം അംലയുടെയും ബാറ്റിങ് രീതിയെ താൻ പിന്തുടരാറുണ്ടെന്നും അസം വ്യക്തമാക്കി.

പാക്കിസ്ഥാനായി 36 ഏകദിനങ്ങൾ ബാബർ അസം കളിച്ചിട്ടുണ്ട്. 7 സെഞ്ചുറികളും 7 അർധ സെഞ്ചുറികളും അസം നേടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ