വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ വൻ തകർച്ചയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഇന്ത്യയ്ക്ക് ഇനിയും 39 റൺസ് കൂടി വേണം. ബാറ്റിങ് നിര തകർന്നടിഞ്ഞതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. നായകൻ കോഹ്‌ലിക്ക് രണ്ട് ഇന്നിങ്സിലും ഒന്നും ചെയ്യാനായില്ല.

രണ്ടാം ഇന്നിങ്സിൽ 19 റൺസിന് പുറത്തായ കോഹ്‌ലിക്ക് ആദ്യ ഇന്നിങ്സിൽ രണ്ടക്കം കടക്കാൻ പോലുമായിരുന്നില്ല. നേരിട്ട ഏഴാം പന്തിൽ കോഹ്‌ലി പുറത്താകുമ്പോൾ അക്കൗണ്ടിലുണ്ടായിരുന്നത് രണ്ട് റൺസ് മാത്രമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്റ്സ്മാനെ വളരെ വിദഗ്ദമായാണ് കിവി ബോളർമാർ വീഴ്ത്തിയത്.

ക്രീസിൽ നിലയുറപ്പിക്കാൻ കോഹ്‌ലിയെ അനുവദിക്കരുതെന്നതായിരുന്നു തങ്ങളുടെ പദ്ധതിയെന്ന് രണ്ടാം ഇന്നിങ്സിൽ കോഹ്‌ലിയെ പുറത്താക്കിയ ട്രെന്റ് ബോൾട്ട് പറഞ്ഞു. തുടർച്ചയായ ബൗൺസറുകളിലൂടെ ഇന്ത്യൻ നായകനെ അസ്വസ്ഥനാക്കുകയായിരുന്നു. 43 പന്തിൽ 19 റൺസെടുത്ത കോഹ്‌ലിയെ പുറത്താക്കിയതും ഇതേ ഗെയിം തന്ത്രത്തിലൂടെയായിരുന്നു. ബോൾട്ടിന്റെ ബൗൺസർ ബൗണ്ടറിയിലേക്ക് പായിക്കാനുള്ള ശ്രമം വിക്കറ്റ് കീപ്പർ ബിജെ വാറ്റ്‌ലിങ്ങിന്റെ കൈകളിൽ തട്ടിനിന്നു.

“എന്നെ സംബന്ധിച്ചടുത്തോളം ഷോർട്ട് പന്തുകൾ ഉപയോഗിച്ച് കോഹ്‌ലിയുടെ റൺറേറ്റ് നിയന്ത്രിക്കാനാണ് ശ്രമിച്ചത്,” ബോൾട്ട് പറഞ്ഞു. മികച്ച പിച്ചും പ്രകടനത്തിന് സഹായകമായെന്ന് ബോൾട്ട് പറഞ്ഞു. കോഹ്‌ലിക്ക് പുറമെ പൃഥ്വി ഷായെയും ചേതേശ്വർ പൂജാരയെയും പുറത്താക്കിയതും ബോൾട്ടായിരുന്നു.

അതേസമയം മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിലാണ്. 25 റൺസുമായി അജിൻക്യ രഹാനെയും 15 റൺസുമായി ഹനുമ വിഹാരിയുമാണ് ക്രീസിൽ. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഇന്ത്യയ്ക്ക് ഇനിയും 39 റൺസ് കൂടി വേണം. പൃഥ്വി ഷാ (30 പന്തിൽ 14), മായങ്ക് അഗർവാൾ (99 പന്തിൽ 58), ചേതേശ്വർ പൂജാര (81 പന്തിൽ 11), ക്യാപ്റ്റൻ വിരാട് കോലി (43 പന്തിൽ 19) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook