ഇസ്ലാമാബാദ്: കായിക താരങ്ങളും സിനിമാ താരങ്ങളും രാഷ്ട്രീയ പ്രമുഖരുമൊക്കെ ട്വിറ്ററില്‍ ചോദ്യോത്തര പരിപാടികളുമായി രംഗത്തെത്താറുണ്ട്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കും അത്തരത്തിലൊരു പരിപാടിയുമായി ട്വിറ്ററില്‍ വന്നിരുന്നു. നിരവധി ആരാധകരാണ് പാക് താരത്തോട് ചോദ്യങ്ങളുമായി എത്തിയത്.

ഇതില്‍ ചില ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയേയും പുകഴ്ത്തിയാണ് മാലിക്കിന്റെ മറുപടി. ധോണിയാണ് എക്കാലത്തേയും മികച്ച താരമെന്ന് അദ്ദേഹം പറഞ്ഞു. എംഎസ് ധോണിയെ കുറിച്ച് രണ്ട് വാക്ക് പറയാന്‍ ഒരു ആരാധകന്‍ ആവശ്യപ്പെട്ടപ്പോഴാണ് “ഇതിഹാസം, എക്കാലത്തേയും മഹാനായ താരം” എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. 2014ലലും സമാനമായ പരാമര്‍ശവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു.

ഇഷ്ടപ്പെട്ട ഇന്ത്യന്‍ താരം ആരാണെന്ന ചോദ്യത്തിന് ‘അത് ധോണി അല്ലാതെ മറ്റാരുമല്ല’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. പാക് മുന്‍ നായകന്‍ മിസ്ബാഹുള്‍ ഹഖിനോട് ധോണിയെ ഉപമിച്ചും അദ്ദേഹം പ്രസ്താവന നടത്തിയിട്ടുണ്ട്. മികച്ച നായകന്മാരാണ് ഇരുവരും എങ്കിലും ധോണിയുടെ അത്രയും കിരീടനേട്ടം മിസ്ബാഹിന് പറ്റിയിട്ടില്ലെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ