തനിക്കും ഷൊഹൈബ് മാലിക്കിനും കുഞ്ഞ് ഉണ്ടാകാന്‍ പോകുന്നെന്ന് ഏപ്രില്‍ മാസമാണ് ടെന്നിസ് താരം സാനിയ മിര്‍സ വെളിപ്പെടുത്തിയത്. അമ്മ റോളിലേക്ക് വേണ്ട എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നതായി സാനിയ നേരത്തേ പറഞ്ഞിരുന്നു. അച്ഛനാകാനുളള തയ്യാറെടുപ്പുകള്‍ നടത്തുന്നതായി ഷൊഹൈബ് മാലിക്കും ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. പാക് ടീമിനൊപ്പം ഇപ്പോള്‍ സിംബാബ്‍വെ പര്യടനത്തിലാണ് ഷൊഹൈബ് ഉളളത്.

ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ എല്ലാവിധ തയ്യാറെടുപ്പുകളും തുടങ്ങിയതായി അദ്ദേഹം വ്യക്തമാക്കിയത്. ‘കുഞ്ഞ് വരുന്നതിന് മുമ്പേയുളള ഈ സമയം വളരെ പ്രത്യേകത നിറഞ്ഞതാണ്. ഇപ്പോള്‍ തന്നെ എല്ലാം ശുഭമാണ്. ഇനി നാല് മാസത്തോളമാണ് ബാക്കിയുളളത്. അത്കൊണ്ട് തന്നെ ഞാനും സാനിയയും ഒരുമിച്ച് ഒരുപാട് സമയം ചെലവഴിക്കുന്നുണ്ട്. നേരത്തേ ഞങ്ങളുടെ രണ്ട് പേരുടേയും തിരക്ക് കാരണം ഇതിന് സാധിച്ചിരുന്നില്ല’ ഷൊഹൈബ് കൂട്ടിച്ചേര്‍ത്തു.

‘ഇപ്പോള്‍ ഞാന്‍ ഒരുപാട് പുസ്തകങ്ങള്‍ വായിക്കുന്നുണ്ട്. അച്ഛന്‍മാരായ എന്റെ സുഹൃത്തുക്കളോട് ഒരുപാട് സംസാരിക്കുന്നുണ്ട്. യൂട്യൂബ് വീഡിയോകളും കണ്ട് ശിശു സംരക്ഷണത്തെ കുറിച്ച് പഠിക്കുന്നുണ്ട്. സാനിയ ഇപ്പോള്‍ തന്നെ അമ്മയാകാനായി എല്ലാ തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞു’, ഷൊഹൈബ് പറഞ്ഞു.

തനിക്കും ശുഐബ് മാലിക്കിനും ഉണ്ടാവുന്ന കുഞ്ഞിന്റെ അവസാന നാമം ‘മിര്‍സ മാലിക്’ എന്നായിരിക്കുമെന്ന് സാനിയ മിര്‍സ നേരത്തേ പറഞ്ഞിരുന്നു. ഒരു പെണ്‍കുട്ടി ഉണ്ടാകണമെന്നാണ് ശുഐബിന് ഇഷ്ടമെന്നും സാനിയ പറഞ്ഞു.

‘ഞാന്‍ നിങ്ങളോട് ഒരു രഹസ്യം പറയാം. ഞാനും ശുഐബും സംസാരിച്ച് തീരുമാനിച്ച കാര്യമാണ്. ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് ഉണ്ടാവുകയാണെങ്കില്‍ കുഞ്ഞിന്റെ സര്‍നെയിം ‘മാലിക്’ എന്ന് മാത്രമാക്കാതെ ‘മിര്‍സ മാലിക്’ എന്നായിരിക്കും. അവിടെയാണ് ഞങ്ങള്‍ ഒരു കുടുംബമെന്ന നിലയില്‍ നിലകൊളളുന്നത്. ഭര്‍ത്താവിന് ഒരു പെണ്‍കുട്ടി വേണമെന്നാണ് ആഗ്രഹം’, സാനിയ പറഞ്ഞു. 2018 ഗോവ ഫെസ്റ്റില്‍ ‘ലിംഗ വിവേചനം’ എന്ന വിഷയത്തില്‍ സംവാദത്തിനിടെയായിരുന്നു അന്ന് സാനിയ പ്രതികരിച്ചത്.

തനിക്ക് വ്യക്തിജീവിതത്തില്‍ നേരിടേണ്ടിവന്നിട്ടുള്ള ലിംഗവിവേചനവും സാനിയ പങ്കുവച്ചു. തന്റെ മാതാപിതാക്കളോട് ചില ബന്ധുക്കള്‍ നിങ്ങള്‍ക്ക് ഒരു ആണ്‍കുട്ടിയുണ്ടായിരുന്നെങ്കില്‍ കുടുംബപ്പേര് നിലനിര്‍ത്താന്‍ കഴിയുമായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ടെന്ന് സാനിയ പറയുന്നു.

”ഞങ്ങള്‍ രണ്ടു സഹോദരിമാരായിരുന്നു, ഒരു സഹോദരന്‍ വേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിട്ടില്ല. മാതാപിതാക്കളോട് നിങ്ങള്‍ക്ക് മകനുണ്ടായിരുന്നെങ്കില്‍ എന്നു പറയുന്ന അങ്കിള്‍മാരോടും ആന്‍റിമാരോടും ഞങ്ങള്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഞങ്ങള്‍ക്ക് മകള്‍ എന്നാല്‍ മകള്‍ തന്നെയായിരുന്നു, കുടുംബപ്പേര് നിലനിര്‍ത്താന്‍ മകന്‍ വേണമെന്നില്ലായിരുന്നു.” 31 കാരിയായ താരം പറയുന്നു.

വിവാഹത്തിന് ശേഷം ഞാന്‍ എന്റെ സര്‍നെയിം മാറ്റിയില്ല, ഇത് അങ്ങനെ തന്നെ ആയിരിക്കും. കുടുംബപ്പേര് നിലനില്‍ക്കും’ സാനിയ കൂട്ടിച്ചേര്‍ത്തു. കായികരംഗത്ത് പുരുഷ താരങ്ങളും വനിതാ താരങ്ങളും തമ്മില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ വിവേചനമുണ്ടെന്നും വനിത താരങ്ങളോടുള്ള ആളുകളുടെ സമീപനത്തില്‍ മാറ്റം വരണമെന്നും താരം വ്യക്തമാക്കി.

ഏഴ് വര്‍ഷം മുമ്പാണ് സാനിയാ മിര്‍സ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ ശുഐബ് മാലിക്കിനെ വിവാഹം കഴിച്ചത്. അതിന് ശേഷം ഇരുവരും നേരിടുന്ന പ്രധാനചോദ്യം കുട്ടികളാകുന്നില്ലേ എന്നാണ്. എന്നാല്‍ ഇതിനെല്ലാം സാനിയ മറുപടി പറഞ്ഞു. ഇക്കാര്യത്തില്‍ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല എന്നതാണ് സത്യം. ശരിക്കും പറഞ്ഞാല്‍ ഇക്കാര്യത്തില്‍ ഉത്തരം പറയാനാകില്ല. കുട്ടികള്‍ ഉണ്ടാകുമെന്നോ അവന്‍ കായികതാരമാകുമെന്നോ ആര്‍ക്ക് പറയാനാകും. എന്നാല്‍ ചിലപ്പോള്‍ അവന്‍ ഒരു നടനോ, അദ്ധ്യാപകനോ ഡോക്ടറോ ആകുമായിരിക്കും.

ഇന്ത്യക്കാരി എന്ന നിലയില്‍ ഏറെ അഭിമാനിക്കുന്നവളാണ് താനെന്നും പാക്കിസ്ഥാന്‍കാരനായതില്‍ അഭിമാനിക്കുന്നയാളാണ് തന്റെ ഭര്‍ത്താവെന്നും ഭാര്യഭര്‍ത്താക്കന്മാരായി ഇരിക്കുന്നതില്‍ അഭിമാനിക്കുന്നവരാണ് തങ്ങള്‍ ഇരുവരുമെന്നായിരുന്നു സാനിയയുടെ പ്രതികരണം. വനിതാ ഡബിള്‍സിലെ ഒന്നാം റാങ്കുകാരിയായ സാനിയ ഹൈദരാബാദില്‍ ജനിച്ചയാളും ഇന്ത്യയെ രാജ്യാന്തര തലത്തില്‍ പ്രതിനിധീകരിക്കുന്നയാളുമാണ്. ഷുഐബ് മാലിക്കാകട്ടെ പാക്കിസ്ഥാനില്‍ ജനിച്ച് അവരുടെ ടീമിനാണ് കളിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ