സാനിയയ്ക്കും ഷൊയ്ബ് മാലിക്കിനും ഒക്ടോബർ 29 നാണ് ആൺകുഞ്ഞ് പിറന്നത്. ട്വിറ്ററിലൂടെയാണ് ഈ സന്തോഷവിവരം താരങ്ങൾ ലോകത്തോട് പങ്കുവച്ചത്. സാനിയയ്ക്കും കുഞ്ഞിനും വേണ്ടി ഏറെ വിഷമത്തോടെയാണെങ്കിലും കടുത്തൊരു തീരുമാനം എടുത്തിരിക്കുകയാണ് ഷൊയ്ബ് മാലിക്. ടി10 ലീഗിന്റെ രണ്ടാം സീസണിൽ ഷൊയ്ബ് ഉണ്ടാകില്ല.

ട്വിറ്ററിൽ വികാരഭരിതമായ കുറിപ്പെഴുതിയാണ് ഷൊയ്ബ് ഈ വിവരം അറിയിച്ചത്. രണ്ടാമത് സീസണിൽ പഞ്ചാബ് ലെജൻഡ്സിനുവേണ്ടിയായിരുന്നു ഷൊയ്ബ് കളിക്കേണ്ടിയിരുന്നത്. എന്നാൽ ഭാര്യ സാനിയയ്ക്കും കുഞ്ഞ് ഇഷ്ഹാൻ മിർസ മാലിക്കിനുമൊപ്പം താൻ വേണമെന്നതിനാൽ ഇത്തവണത്തെ സീസൺ വേണ്ടെന്നു വയ്ക്കുകയാണെന്നാണ് ഷൊയ്ബ് പറഞ്ഞിരിക്കുന്നത്.

”ഇത്തവണത്തെ ടി10 ലീഗിൽ പഞ്ചാബ് ലെജൻഡ്സിനൊപ്പം ഞാനുണ്ടാവില്ല. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിനാണിത്. ഇതൊരു കടുത്ത തീരുമാനമാണെന്നറിയാം (എന്റെ ഭാര്യ ഞാൻ കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്). പക്ഷേ മറ്റെന്തിനെക്കാളും എന്റെ ഭാര്യും മകനുമാണ് എനിക്ക് വേണ്ടത്. നിങ്ങൾ എന്നെ മനസ്സിലാക്കുമെന്ന് കരുതുന്നു” ഇതായിരുന്നു ഷൊയ്ബിന്റെ ട്വീറ്റ്.

യുഎഇയിലാണ് ടി20 ലീഗിന്റെ രണ്ടാം സീസൺ നടക്കുക. നവംബർ 21 ന് തുടങ്ങുന്ന സീസൺ ഡിസംബർ രണ്ടിനാണ് അവസാനിക്കുക. 8 ടീമുകളാണ് മത്സരത്തിനുളളത്. കഴിഞ്ഞ വർഷം ആറു ടീമുകളാണ് ഉണ്ടായിരുന്നത്.

പാക് ടീമിലെ ഒഴിച്ചു കൂടാനാവാത്ത താരമാണ് ഷൊയ്ബ് മാലിക്. അടുത്തിടെ നടന്ന ന്യൂസിലൻഡിനെതിരെയുളള ടിട്വന്റി മത്സരങ്ങളിലും ഏകദിന മത്സരങ്ങളിലും ഷൊയ്ബ് കളിച്ചിരുന്നു. എന്നാൽ വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ ഷൊയ്ബ് ഉണ്ടാവില്ല. നവംബർ 16 ന് അബുദാബിയിലാണ് പാക്കിസ്ഥാൻ-ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് മത്സരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ