മുംബൈ: പെര്‍ത്തിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പെരുമാറ്റത്തില്‍ ക്രിക്കറ്റ് ലോകം രണ്ട് തട്ടിലായിരിക്കുകയാണ്. വിരാടിനെ അനുകൂലിച്ചും അഭിനന്ദിച്ചും ഒരു വിഭാഗം രംഗത്തെത്തിയപ്പോള്‍ വിരാടിനെ കണക്കിന് വിമര്‍ശിക്കുന്നവരാണ് മറുവശത്തുള്ളവര്‍. രണ്ട് വിഭാഗങ്ങളിലും സാധാരണക്കാരായ ആരാധകര്‍ മുതല്‍ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ വരെയുണ്ട്. വിരാടിന് പിന്തുണയുമായി ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്നത് പാക്കിസ്ഥാന്റെ ഏക്കാലത്തേയും മികച്ച പേസര്‍മാരിലൊരാളായ ഷൊയ്ബ് അക്തറാണ്.
വിരാടിന്റെ വിമര്‍ശകരോട് വിരാടിനെ വെറുതെ വിടണമെന്നാണ് ഷൊയ്ബ് അക്തര്‍ അഭ്യര്‍ത്ഥിക്കുന്നത്. ആധുനിക ക്രിക്കറ്റിലെ മഹാനായ താരമാണ് വിരാട് കോഹ്‌ലിയെന്നും അഗ്രഷന്‍ ക്രിക്കറ്റിന്റെ പ്രധാനപ്പെട്ട ഭാഗമാണെന്നും ഷൊയ്ബ് പറയുന്നു. പരിധി വിടാത്തിടത്തോളം കാലം അഗ്രഷന്‍ നല്ലതാണെന്നും അക്തര്‍ അഭിപ്രായപ്പെടുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രശസ്ത നടന്‍ നസറുദ്ദീന്‍ ഷാ മുതല്‍ ഓസീസ് ഇതിഹാസം മൈക്ക് ഹസിയും മിച്ചല്‍ ജോണ്‍സണും സഞ്ജയ് മഞ്ചരേക്കറുമെല്ലാം വിരാടിന്റെ പെരുമാറ്റം ശരിയല്ലെന്നും കളിക്കളത്തില്‍ വിരാട് കൂറേക്കൂടി മാന്യമായിട്ട് പെരുമാറണമെന്നും അഭിപ്രായപ്പെട്ട് രംഗത്തെത്തിയവരാണ്. അതേസമയം, മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍, ഓസീസ് ഇതിഹാസം അലന്‍ ബോര്‍ഡര്‍ തുടങ്ങിയവര്‍ വിരാടിനെ പിന്തുണച്ച് രംഗത്തെത്തി.
വിരാട് എങ്ങനെയാണോ അതേ പോലെ തന്നെ തുടരണമെന്നും ഈ അഗ്രഷനാണ് വിരാടിനെ ഇന്നത്തെ നിലയിലെത്തിച്ചതെന്നുമായിരുന്നു സഹീര്‍ പറഞ്ഞത്. വിരാടിനെ പോലുള്ള താരത്തെയാണ് ക്രിക്കറ്റിന് ആവശ്യമെന്നായിരുന്നു അലന്‍ ബോര്‍ഡറിന്റെ അഭിപ്രായം.
@imVkohli is one of the modern greats of the game. Aggression has been a part & parcel of competitive cricket, specially when you are playing Down Under as long as it stays in limit. Please cut him some slack.
— Shoaib Akhtar (@shoaib100mph) December 20, 2018