തന്റെ പന്തുകൊണ്ട് നിലത്ത് വീണ സ്റ്റീവ് സ്മിത്തിനെ ഗൗനിക്കാതെ തിരിച്ചു നടന്ന ജോഫ്ര ആര്‍ച്ചര്‍ക്ക് വിമര്‍ശനവുമായി മുന്‍ പാക് താരം ഷൊയ്ബ് അക്തര്‍. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിനിടെയായിരുന്നു സ്മിത്തിന് ആര്‍ച്ചറുടെ പന്ത് കൊളളുന്നതും നിലത്ത് വീഴുന്നതും.

”ബൗണ്‍സറുകള്‍ കളിയുടെ ഭാഗമാണ്. പക്ഷെ പന്ത് തലയ്ക്ക് കൊണ്ട് ബാറ്റ്‌സ്മാന്‍ നിലത്ത് വീണാല്‍ ബോളര്‍ അടുത്തു പോയി ബാറ്റ്‌സ്മാന് എന്തെങ്കിലും പറ്റിയോ എന്നു നോക്കുന്നത് ഉത്തരവാദിത്തമാണ്. സ്മിത്ത് വേദനിക്കുമ്പോള്‍ ആര്‍ച്ചര്‍ നടന്ന് പോയത് ശരിയായില്ല. ബാറ്റ്‌സ്മാന് അടുത്തേക്ക് എന്നും ആദ്യം എത്തുന്നത് ഞാനായിരുന്നു” എന്നായിരുന്നു അക്തറുടെ ട്വീറ്റ്.


സ്മിത്ത് നിലത്ത് വീണ് കിടക്കുമ്പോള്‍ നോക്കി ചിരിക്കുന്ന ആര്‍ച്ചറുടേയും ജോസ് ബട്‌ലറുടേയും ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതോടെ ഇരുവര്‍ക്കെതിരേയും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം ഇത് സ്മിത്ത് വീണു കിടക്കുന്ന സമയത്തെ ചിത്രം തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തയായിട്ടില്ല.

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ വന്‍ ദുരന്തം ഒഴിഞ്ഞത് തലനാരിഴയ്ക്ക്. ഒരിക്കല്‍ കൂടി ക്രിക്കറ്റ് ലോകത്തെ ഭയപ്പെടുത്തിയിരിക്കുകയാണ് ജോഫ്ര ആര്‍ച്ചര്‍. ആര്‍ച്ചറുടെ ബൗണ്‍സര്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിന്റെ തലയ്ക്ക് കൊണ്ടത് ഗ്യാലറിയിലാകെ പരിഭ്രാന്തി പരത്തി. 148.7 കിലോമീറ്റര്‍ വേഗത്തില്‍ കുത്തിയുയര്‍ന്ന പന്ത് താടിയുടെ ഭാഗത്ത് ഹെല്‍മറ്റിന്റെ ഗ്രില്ലില്‍ വന്നിടിച്ചതോടെ സ്മിത്ത് നിലതെറ്റി താഴെ വീഴുകയായിരുന്നു.

ഇതോടെ ഗ്രൗണ്ട് വിട്ട സ്മിത്ത് പിന്നീട് 45 മിനിറ്റിനുശേഷം തിരിച്ചുവന്നതോടെയാണ് ഭീതി ഒഴിവായത്. സംഭവ സമയത്ത് 80 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു സ്മിത്ത്. ഇതിന് മുന്‍പ് ആര്‍ച്ചറുടെ തന്നെ പന്ത് വാരിയെല്ലിന് ഇടിച്ച് ചകിത്സ തേടിയാണ് സ്മിത്ത് കളിച്ചത്. കളി പുന:രാരംഭിച്ച സ്മിത്ത് 161 പന്തില്‍ നിന്ന് 92റണ്‍സെടുത്ത് വോക്‌സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി

Read More Sports Stories Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook