ഇന്ത്യയ്‌ക്കെതിരായ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം ഷൊയ്ബ് അക്തര്‍. തലച്ചോറില്ലാത്ത ക്യാപ്റ്റന്‍സിയായിപ്പോയി സര്‍ഫ്രാസിന്റേതെന്ന് അക്തര്‍ തുറന്നടിച്ചു. ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങ്ങിനയച്ച സർഫ്രാസിന്റെ നടപടിയാണ് അക്തറിനെ ചൊടിപ്പിച്ചത്.

‘മഴ പെയ്തത് കൊണ്ട് ആദ്യം ബോള്‍ ചെയ്യുകയാണോ വേണ്ടത്? മൈതാനം നന്നായി ഉണങ്ങിയിട്ടുണ്ടായിരുന്നു. അതുപോലൊരു അവസ്ഥയില്‍ ആദ്യം ബോള്‍ ചെയ്യാന്‍ തീരുമാനിച്ചത് തലച്ചോറില്ലാത്ത തീരുമാനമായിരുന്നു,’ ഷൊയ്ബ് പറഞ്ഞു.

‘മുമ്പും പിന്തുടര്‍ന്ന് ജയിക്കുന്നതില്‍ പാക്കിസ്ഥാന്‍ പിന്നിലാണ്, പ്രത്യേകിച്ച് ഇന്ത്യയ്ക്ക് എതിരെ. ടീമില്‍ മികച്ച ബാറ്റ്സ്മാന്‍മാര്‍ ഉണ്ടായിരുന്ന 1999ല്‍ പോലും 227 റണ്‍സ് പിന്തുടര്‍ന്ന് എടുക്കാനായിട്ടില്ല. അത്രയും ശക്തരായ ഇന്ത്യയുടെ ബോളര്‍മാര്‍ക്കെതിരെ പിന്തുടര്‍ന്ന് ജയിക്കാനാകുമെന്ന് സർഫ്രാസ് എന്തുകൊണ്ടാണ് ചിന്തിച്ചതെന്ന് എനിക്ക് മനസിലാവുന്നില്ല,’ ഷൊയ്ബ് പറഞ്ഞു.

Read More: കളിക്കിടെ കോട്ടുവായിട്ട് പാക് നായകന്‍; സര്‍ഫ്രാസിന് ചായ ഓര്‍ഡര്‍ ചെയ്ത് സോഷ്യല്‍ മീഡിയ

2017ല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെ ആദ്യം ബാറ്റ് ചെയ്യിച്ച കോഹ്‌ലിയുടെ അബദ്ധമാണ് സർഫ്രാസ് ഇന്നലെ ആവര്‍ത്തിച്ചതെന്ന് അക്തര്‍ പറയുന്നു. നമ്മള്‍ നന്നായി ചേസ് ചെയ്യില്ലെന്ന് സർഫ്രാസിന് ആലോചന വന്നില്ല. നമ്മുടെ ശക്തി ബാറ്റിങ്ങിലല്ല ബോളിങ്ങിലാണ്. ടോസ് കിട്ടിയപ്പോള്‍ തന്നെ പകുതി മത്സരം ജയിച്ചതാണ്. പക്ഷെ നിങ്ങള്‍ ഈ മത്സരം ജയിക്കാതിരിക്കാന്‍ നോക്കി. ആദ്യം ബാറ്റ് ചെയ്ത് 270 റണ്‍സ് നേടിയിരുന്നെങ്കിലും പാക്കിസ്ഥാന് പ്രതിരോധിക്കാമായിരുന്നുവെന്നും അക്തര്‍ പറയുന്നു. സർഫ്രാസ് ഫിറ്റ് അല്ലെന്ന് പറഞ്ഞ് മത്സരത്തിന് മുമ്പും അക്തര്‍ രംഗത്തെത്തിയിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോട് ഏഴ് വിക്കറ്റിനോട് തോറ്റതിന് പിന്നാലെയാണ് അക്തര്‍ വിമര്‍ശനവുമായെത്തിയത്.

ആദ്യമായിട്ടാണ് പൂര്‍ണമായും ഫിറ്റല്ലാത്ത ഒരു ക്യാപ്റ്റനെ കാണുന്നതെന്ന് അക്തര്‍ പറഞ്ഞു. ”സർഫ്രാസ് ടോസിന് വരുമ്പോള്‍ അദ്ദേഹത്തിന്റെ വയർ പുറത്തേക്ക് ചാടിയിരുന്നു. അദ്ദേഹം പൂര്‍ണമായും ഫിറ്റായിരുന്നില്ല. ഒരുപാട് തടിച്ച ശരീരമാണ് സർഫ്രാസിന്റേത്. കീപ്പ് ചെയ്യാന്‍ അദ്ദേഹം ഒരുപാട് ബുദ്ധിമുട്ടി. അങ്ങോട്ടുമിങ്ങോട്ടും ചലിക്കാന്‍ പോലും സാധിച്ചില്ല. ആദ്യമായിട്ടാണ് പൂര്‍ണമായും ഫിറ്റല്ലാത്ത ഒരു ക്യാപ്റ്റനെ ഞാന്‍ കാണുന്നത്.” അക്തര്‍ പറഞ്ഞു നിര്‍ത്തി.

ടോസ് കിട്ടിയാല്‍ ബാറ്റിങ് തിരഞ്ഞെടുക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സർഫ്രാസ് അഹമ്മദിനോട് പറഞ്ഞിരുന്നു. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 89 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook