കൊറോണ വൈറസ് ലോകമാകെ ഭീതിയിലാഴ്‌ത്തുന്ന സാഹചര്യത്തിൽ മതമോ സാമ്പത്തിക സ്ഥിതിയോ നോക്കാതെ ജനങ്ങൾ പരസ്പരം സഹായിക്കണമെന്ന് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തർ. വൈറസ് വ്യാപനത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും അധികൃതർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയിയോയിലൂടെ അക്തർ ആവശ്യപ്പെട്ടു.

”ലോകമാകമാനമുളള ആരാധകരോട് എനിക്കൊരു അഭ്യർഥനയുണ്ട്. കൊറോണ വൈറസ് വ്യാപനം ആഗോള പ്രതിസന്ധിയായി മാറിയിട്ടുണ്ട്. അതിനെ നേരിടാൻ മതത്തിനതീതമായി ഉയർന്ന് ആഗോള ശക്തിയാവണം. പലയിടത്തും സമ്പൂർണ അടച്ചു പൂട്ടൽ നടപ്പിലാക്കുന്നുണ്ട്. അതിലൂടെ വൈറസിന്റെ വ്യാപനം തടയാനാവും. നിങ്ങൾ സമ്പർക്കത്തിലേർപ്പെടുകയോ കൂട്ടം കൂടുകയോ ചെയ്താൽ ഇതുകൊണ്ടൊന്നും ഫലമില്ലാതെ വരും.”

Read Also: ഇന്ത്യയിൽ 415 പേർക്ക് കോവിഡ്; നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി

”നിങ്ങൾ സാധനങ്ങൾ പൂഴ്‌ത്തി വയ്ക്കുന്ന നേരത്ത് ദിവസക്കൂലിക്ക് പണിയെടുക്കുന്നവരെ കൂടി ഓർക്കുക. കടകൾ കാലിയായിരിക്കുന്നു. മൂന്നു മാസം കഴിഞ്ഞ് നിങ്ങൾ ജീവിച്ചിരിക്കുമെന്നതിന് എന്താണ് ഉറപ്പ്?. ദിവസക്കൂലിക്ക് പണിയെടുക്കുന്നവരെക്കുറിച്ച് ചിന്തിച്ചു നോക്കൂ, അവർ എങ്ങനെ കുടുംബം പുലർത്തും. ഈ സമയം മറ്റുളളവരെ കൂടി ചിന്തിക്കൂ, ഹിന്ദുവോ, മുസ്‌ലിമോ അല്ല മനുഷ്യരാവേണ്ട സമയമാണിത്. പരസ്പരം സഹായിക്കൂ. സാധനങ്ങൾ പൂഴ്‌ത്തി വയ്ക്കുന്നത് നിർത്തൂ.”

”സമ്പന്നർ അതിജീവിക്കും, പക്ഷേ പാവപ്പെട്ടർ എങ്ങനെയാണ് അതിജീവിക്കുക?. നമ്മൾ മൃഗങ്ങളെപ്പോലെയാണ് ജീവിക്കുന്നത്, മനുഷ്യരെപ്പോലെ ജീവിക്കൂ. മറ്റുളളവരെ ദയവ് ചെയ്ത് സഹായിക്കൂ, സാധനങ്ങൾ പൂഴ്‌ത്തി വയ്ക്കുന്നത് അവസാനിപ്പിക്കൂ. മാറി നിൽക്കേണ്ട സമയമല്ലിത്, പരസ്പരം സഹായിക്കാൻ വേണ്ടിയുളളതാണ്” അക്തർ പറഞ്ഞു.

ചൈനയിലെ വുഹാനിൽ ഉത്ഭവിച്ച കൊറോണ വൈറസ് 100 ലധികം രാജ്യങ്ങളിലാണ് വ്യാപിച്ചത്. മൂന്നു ലക്ഷത്തിലധികം പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു. 13,000 ലധികം പേർക്ക് ജീവൻ നഷ്ടമായി. പാക്കിസ്ഥാനിൽ ഇതുവരെ 800 ഓളം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 5 പേർക്കാണ് ജീവൻ നഷ്ടമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook