ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ദയനീയമായി തോൽവി സമ്മതിച്ച ഇന്ത്യയെ പരിഹസിച്ച് പാക്കിസ്ഥാൻ മുൻ പേസ് ബൗളർ ഷോയ്‌ബ് അക്‌തർ. അഡ്‌ലെയ്‌ഡ് ടെസ്റ്റിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. രണ്ടാം ഇന്നിങ്‌സിൽ വെറും 36 റൺസിന് ഇന്ത്യ ഓൾഔട്ട് ആകുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോർ ആണിത്.
ഇന്ത്യയുടെ പ്രകടനം വളരെ ദയനീയമായിപ്പോയെന്ന് അക്തർ പറഞ്ഞു. ഇന്ത്യ ഇങ്ങനെയൊരു അവസ്ഥയിലേക്ക് കൂപ്പുകുത്തുമെന്ന് താൻ കരുതിയിരുന്നില്ലെന്നും അക്തർ പറഞ്ഞു.
“ഞാൻ രാവിലെ എഴുന്നേറ്റ് ടിവി വച്ചു. കഴിഞ്ഞ ദിവസം രാത്രി ടെസ്റ്റ് മത്സരം ഞാൻ കണ്ടിരുന്നില്ല. പെട്ടന്ന് നോക്കിയപ്പോൾ ഇന്ത്യ 369 റൺസായി എന്നാണ് ഞാൻ സ്‌കോർ ബോർഡിൽ കണ്ടത്. പിന്നീട്, കണ്ണുകൾ തിരുമ്മി വീണ്ടും സ്‌കോർ ബോർഡിലേക്ക് നോക്കിയപ്പോഴാണ് ഞാൻ ഞെട്ടിയത്. അത് 369 അല്ല, 36-9 എന്നാണ്. 36 റൺസിനിടെ ഒൻപത് വിക്കറ്റുകൾ നഷ്ടമായിരിക്കുന്നു. ഒരാൾ റിട്ടയേഡ് ഹർട്ട് സ്വീകരിച്ചിരിക്കുന്നു. പാക്കിസ്ഥാന്റെ റെക്കോർഡ് ഇന്ത്യ മറികടന്നിരിക്കുന്നു. 2013 ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിൽ ഞങ്ങൾ പുറത്തായത് 49 റൺസിനാണ്. ഇന്ത്യ അതിലും ചെറിയ സ്‌കോറിൽ ഓൾഔട്ടായി,” അക്തർ പറഞ്ഞു.
Read Also: ഒരു കോടി വീഡിയോകൾ പിൻവലിച്ച് പോൺഹബ്; നിയന്ത്രണങ്ങളും കടുപ്പിച്ചു
അഡ്‌ലെയ്‌ഡിൽ എട്ട് വിക്കറ്റ് വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സിൽ 90 റൺസ് വിജയലക്ഷ്യം ഓസ്‌ട്രേലിയ അതിവേഗം മറികടന്നു. ഓസ്‌ട്രേലിയക്കുവേണ്ടി ജോ ബേൺസ് അർധ സെഞ്ചുറി നേടി പുറത്താകാതെ നിന്നു. മാത്യു വെയ്‌ഡ് 33 റൺസ് നേടി പുറത്തായി.
സ്‌കോർ ബോർഡ്
ഒന്നാം ഇന്നിങ്‌സ്
ഇന്ത്യ: 244-10
ഓസ്‌ട്രേലിയ: 191-10
ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യയ്‌ക്ക് 53 റൺസ് ലീഡ്
രണ്ടാം ഇന്നിങ്‌സ്
ഇന്ത്യ: 36-9
ഓസ്‌ട്രേലിയ: 93-2
ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റ് ജയം
ആദ്യ ഇന്നിങ്‌സിൽ 53 റൺസ് ലീഡ് നേടിയിട്ടും ഈ മേധാവിത്വം രണ്ടാം ഇന്നിങ്‌സിൽ തുടരാൻ ഇന്ത്യയ്‌ക്ക് സാധിച്ചില്ല. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയുടെ ആരും രണ്ടക്കം കണ്ടില്ല. മുൻനിര ബാറ്റ്‌സ്‌മാൻമാരായ പൃഥ്വി ഷാ (നാല്), മായങ്ക് അഗർവാൾ (ഒൻപത്), ചേതേശ്വർ പൂജാര (പൂജ്യം), വിരാട് കോഹ്‌ലി (നാല്), അജിങ്ക്യ രഹാനെ (പൂജ്യം), ഹനുമാ വിഹാരി (എട്ട്), വൃദ്ധിമാൻ സാഹ (നാല്) എന്നിവർ നിരാശപ്പെടുത്തി. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് വെറും 36 റൺസിൽ അവസാനിക്കുകയായിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. ഒന്‍പത് വിക്കറ്റുകള്‍ നഷ്ടമായതിന് പിന്നാലെ മുഹമ്മദ് ഷമി പരുക്കേറ്റ് പിന്മാറിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.