പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് ഷൊയ്ബ് അക്തർ. പിച്ചിൽ തീപാറും പന്തുകളുമായി ബാറ്റ്സ്മാന്മാരെ ഞെട്ടിച്ച താരം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരം വാർത്തകളിൽ നിറയുന്നത് ശ്രദ്ധേയമായ ചില പരാമഞ്ഞശങ്ങളിലൂടെയും പ്രസ്താവനകളിലൂടെയുമാണ്. അത്തരത്തിലൊന്നായിരുന്നു സച്ചിനെ ഒരു ലോകകപ്പ് മത്സരത്തിൽ പുറത്താക്കിയതിനെക്കുറിച്ച് താരം പറഞ്ഞത്. 2003 ലോകകപ്പിൽ 98 റൺസിൽ നിൽക്കെ സച്ചിനെ പുറത്താക്കിയതിൽ തനിക്ക് സങ്കടം തോന്നിയെന്നാണ് താരം പറഞ്ഞത്.

ലോകകപ്പിൽ പാക്കിസ്ഥാനെതിരെ സച്ചിൻ 98 റൺസ് നേടിയ ആ പ്രകടനം ഏകദിന ക്രിക്കറ്റിലെ തന്നെ താരത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. പരമ്പരഗത വൈരികളായ പാക്കിസ്ഥാൻ ഉയർത്തിയ 274 റൺസിന്റെ വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യയെ സഹായിച്ചതും സച്ചിന്റെ ഇന്നിങ്സായിരുന്നു. അക്തറിന്റെ ബൗൺസ് സച്ചിൻ ബൗണ്ടറി കടത്തിയതും അതേ ഇന്നിങ്സിൽ തന്നെയായിരുന്നു.

“സച്ചിൻ 98ൽ പുറത്തായപ്പോൾ ഒരുപാട് സങ്കടം തോന്നി. അതൊരു സ്‌പെഷ്യൽ ഇന്നിങ്സായിരുന്നു. സെഞ്ചുറിയെന്ന കടമ്പ അദ്ദേഹം കടക്കേണ്ടതായിരുന്നു. സച്ചിൻ സെഞ്ചുറി തികയ്ക്കണമെന്നും ഞാൻ ആഗ്രഹിച്ചിരുന്നു. മുമ്പ് ചെയ്തതുപോലെ ആ ബൗൺസറും സിക്സ് അടിച്ചിരുന്നെങ്കിൽ എനിക്ക് സന്തോഷമായേനെ.” അക്തർ പറഞ്ഞു.

സച്ചിൻ ഏറ്റവും ബുദ്ധിമുട്ടേറിയ കാലത്താണ് കളിച്ചതെന്നും അക്തർ പറഞ്ഞു. ഇന്നൊക്കെ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നെങ്കിൽ അദ്ദേഹം 1.30 ലക്ഷം റൺസിന് മുകളിൽ റൺസ് നേടാൻ സിധിക്കുമായിരുന്നു. അതുകൊണ്ട് സച്ചിനെയും കോഹ്‌ലിയെയും താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്നും അക്തർ അഭിപ്രായപ്പെട്ടു.

സമാന അഭിപ്രായവപമായി നേരത്തെ മറ്റൊരു പാക് പേസർ വസിം അക്രവും രംഗത്തെത്തിയിരുന്നു. കോഹ്‌ലിക്ക് പല റെക്കോർഡുകളും തിരുത്താൻ സാധിച്ചേക്കുമെന്നും എന്നാൽ സച്ചിന്റെ റെക്കോർഡുകളെല്ലാം തകർക്കാൻ സാധിക്കുമോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook