ഇസ്ലാമാബാദ്: മുൻ പേസർ ഷുഐബ് അക്തറിനെ പാക് ക്രിക്കറ്റ് ബോർഡിന്റെ ബ്രാന്റ് അംബാസഡറായി നിയമിച്ചതായി അദ്ധ്യക്ഷൻ നജം സേതി. ക്രിക്കറ്റ് കാര്യങ്ങളിൽ പാക്ക് ക്രിക്കറ്റ് ബോർഡ് ചെയർമാന്റെ ഉപദേഷ്ടാവായും ഷുഐബ് അക്തർ പ്രവർത്തിക്കും.

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് നജം സേതി ഇക്കാര്യം അറിയിച്ചത്. ട്വീറ്റിന് പിന്നാലെ 42കാരനായ അക്തർ തന്റെ സന്തോഷം തുറന്നുപറഞ്ഞ് മറു ട്വീറ്റ് പോസ്റ്റ് ചെയ്തു. തന്റെ കാലത്തെ ഏറ്റവും മികച്ച പേസർ എന്ന് പേരെടുത്ത അക്തർ, “എനിക്ക് ലഭിച്ച ആദരമായി ഇതിനെ കാണുന്നു. കളിക്കളത്തിൽ കാണിച്ച അതേ ആത്മാർത്ഥ ഈ ചുമതലയിലും കാണിക്കും. നന്ദി ഒരിക്കൽ കൂടി”, എന്നാണ് തന്റെ മറുകുറിപ്പിൽ പറഞ്ഞത്.

അതേസമയം അക്തറിന്റെ പുതിയ ചുമതല എന്തൊക്കെയാണെന്ന് വിശദീകരിച്ച് പാക്കിസ്ഥാൻ അറിയിച്ചിട്ടില്ല. പാക്കിസ്ഥാന്റെ കുപ്പായത്തിൽ 46 ടെസ്റ്റ് മത്സരങ്ങൾ കളിച്ച അക്തർ 176 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 167 ഏകദിനങ്ങളിൽ നിന്ന് 247 വിക്കറ്റാണ് ഇദ്ദേഹം നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ