ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ എക്കാലത്തേയും മികച്ച ബൗളിംഗ് കുന്തമുനകളാണ് ഷോഹൈബ് അക്തറും വസീം അക്രമും. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിരവധി ബാറ്റ്സ്മാന്‍മാര്‍ ഇരുവരുടേയും ബൗളിംഗിന്റെ ചൂട് അറിഞ്ഞവരുമാണ്. വിരമിക്കലിന് ശേഷം തങ്ങളുടെ തട്ടകം അഭിനയത്തിലേക്ക് മാറ്റി കൊണ്ടാണ് ഇരുവരും പുതിയ പരസ്യചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

പാക്കിസ്ഥാനിലെ ടെലിവിഷന്‍ ഷോ ആയ ‘ജിയോ ഖേലോ പാക്കിസ്ഥാന്‍’ എന്ന ഗെയിം ഷോയുടെ പരസ്യചിത്രത്തിന് വേണ്ടിയാണ് ഇരുവരും അഭിനയിച്ചിരിക്കുന്നത്. നാല് ലക്ഷം രൂപയുടെ ഒരു കടം തിരിച്ചടക്കുന്നതിന് പകരമായി ഒരു കോഴിയേയും കൊണ്ടാണ് അക്തര്‍ വസീമിന്റെ അടുത്തെത്തുന്നത്. ഒരു ധനികനായ കച്ചവടക്കാരന്റെ വേഷവിധാനത്തോടെ ഇരിക്കുന്ന വസീമിനോട് ഈ കോഴി പൊന്‍മുട്ടയിടുമെന്നും ഷൊഹൈബിന്റെ കഥാപാത്രം പറയുന്നു.

എന്നാല്‍ കോഴിയെ വാങ്ങിവെച്ച അക്രമിന്റെ കഥാപാത്രം ദിവസങ്ങള്‍ കാത്തിരുന്നിട്ടും പൊന്‍മുട്ട പോയിട്ട് ഒരു മുട്ട പോലും ഇട്ടില്ല. വീണ്ടും ഷൊഹൈബിന്റെ കഥാപാത്രത്തെ പിടികൂടിയപ്പോള്‍ ഗെയിം ഷോയുടെ കാര്‍ഡാണ് അക്രമിന്റെ കഥാപാത്രത്തിന് നല്‍കുന്നത്. പിന്നീടാണ് ഗെയിം ഷോയുടെ സെറ്റിലേക്ക് ഇരുവരും പോകുന്നത്.
ഇരുവരും തകര്‍ത്ത് അഭിനയിച്ച ഈ പരസ്യചിത്രം എന്തായാലും പാക്കിസ്ഥാനില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. നര്‍മ്മം നിറഞ്ഞ പ്രകടനത്തിലൂടെ തങ്ങള്‍ക്ക് അഭിനയിക്കാനും കഴിയുമെന്ന് തെളിയിച്ചിരുക്കുകയാണ് പാക്കിസ്ഥാന്റെ മുന്‍ താരങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ