ഫുട്ബോൾ ലീഗുകളുടെ പ്രധാന ആകർഷണമായി കാണാറുള്ളത് വിദേശ താരങ്ങളെയാണ്. ചടുലമായ നീക്കങ്ങൾ കൊണ്ടും വ്യത്യസ്ഥമായ കളി ശൈലി കൊണ്ടും ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മനം കവർന്ന ഒരുപാട് വിദേശതാരങ്ങൾ ഇന്ത്യൻ മണ്ണിൽ കളിച്ചിട്ടുണ്ട്. സെവൻസ് ലീഗുകൾ മുതൽ രാജ്യത്തെ പ്രമുഖ ലീഗുകളായ ഇന്ത്യൻ സൂപ്പർ ലീഗിലും ഐ ലീഗിലും അവസ്ഥ ഒന്ന് തന്നെ.

എന്നാൽ ഈ പാരമ്പര്യത്തിന് മാറ്റം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഐ ലീഗ് ക്ലബ്ബായ ഷില്ലോങ് എഫ് സി. പുതിയ സീസണിൽ ഐ ലീഗിൽ ഒരൊറ്റ വിദേശ താരം പോലുമില്ലാതെ കളിക്കാനിറങ്ങാനാണ് ഷില്ലോംങ് എഫ് സി യുടെ തീരുമാനം. സ്വന്തം അക്കാദമിയിൽ നിന്നുള്ള യുവതാരങ്ങളായിരിക്കും ഈ സീസണിൽ ഷില്ലോംങിനായി ബൂട്ട് കെട്ടുക.

ഷില്ലോങ് പ്രീമിയർ ലീഗിൽ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന അതേ ടീമിനെ ഐ ലീഗിലും ഇറക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം. കഴിഞ്ഞ സീസണിൽ മാത്രം ഷില്ലോങ് അക്കാദമിയിൽ നിന്നുള്ള ഒമ്പത് താരങ്ങളാണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത്. പുതിയ ഐലീഗ് സീസൺ കളിക്കുന്ന തങ്ങളുടെ ടീമിൽ വിദേശികൾ വേണ്ടെന്ന് മാസങ്ങൾക്ക് മുമ്പേ ടീം മാനേജ്മെന്റ് തീരുമാനിച്ച് വെച്ചിരുന്ന കാര്യമാണെന്ന് ഷില്ലോങ് ടീം ഉടമ ലാർസിംഗ് മിൻ പറയുന്നു.

ഷില്ലോങിന്റെ ഈ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് ഫുട്ബോൾ ആരാധകർക്കിടയിൽ നിന്ന് ലഭിക്കുന്നത്. ലീഗുകൾ ഇന്ത്യൻ ഫുട്ബോളിന്റെ സ്വഭാവവും ശൈലിയും മാറ്റുന്ന കാലഘട്ടത്തിൽ ഷില്ലോങിന്റെ തീരുമാനം ഇന്ത്യൻ ഫുട്ബോളിന് കൂടുതൽ ഉപകാരപ്പെടുമെന്നാണ് കരുതുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ