സ്വപ്‌നസമാനമായ തുടക്കമാണ് ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ലഭിച്ചിരിക്കുന്നത്. കളിച്ച മൂന്ന് കളിയും ടീം ജയിച്ചു. ടീമിലെ പ്രമുഖ താരങ്ങളെല്ലാം മികച്ച ഫോമിലുമാണ്. ഓപ്പണര്‍ ശിഖര്‍ ധവാനുള്‍പ്പടെയുള്ളവര്‍ എല്ലാ മത്സരത്തിലും തങ്ങളുടെ റോള്‍ കൃത്യമായി തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു.

സണ്‍റൈസേഴ്‌സിന്റെ പ്രധാന താരങ്ങളിലൊരാളാണ് ശിഖര്‍ ധവാന്‍. ഡേവിഡ് വാര്‍ണറുമൊത്ത് ടീമിനായി ധവാന്‍ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടുകള്‍ സൃഷ്ടച്ചിട്ടുണ്ട്. ഇത്തവണ വാര്‍ണര്‍ ഇല്ലാത്തതിനാല്‍ അതിന്റെ ഭാരവും ധവാന്റെ തോളിലുണ്ട്. എന്നാല്‍ തന്റെ റോള്‍ മനോഹരമായി തന്നെ ധവാന്‍ നിര്‍വ്വഹിച്ചു പോരുന്നുണ്ട്. ആദ്യ മത്സരത്തില്‍ 78 റണ്‍സ് നേടിയ ധവാന്‍ തന്റെ നയം നേരത്തെ തന്നെ വ്യക്തമാക്കിയതുമാണ്.

ആകെ മൊത്തത്തില്‍ ഹൈദരാബാദ് ടീം നല്ല ആത്മവിശ്വസത്തിലാണ്. താരങ്ങളെല്ലാം വളരെയധികം റിലാക്‌സ്ഡുമാണ്. ടീമിലെ സീനിയര്‍ പ്ലെയര്‍ ആണെങ്കിലും ഏറ്റവും തമാശക്കാരനും ധവാന്‍ തന്നെയാണ്. ഇന്ത്യന്‍ ടീമിലാണെങ്കിലും ഹൈദരാബാദ് ടീമിലാണെങ്കിലും സഹതാരങ്ങള്‍ക്ക് പണി കൊടുക്കുക എന്നത് ധവാന്റെ സ്ഥിരം പരിപാടിയാണ്. കഴിഞ്ഞ ദിവസം ധവാന്റെ ഇരയായത് അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാനും ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനുമാണ്.

വിമാനയാത്രയ്ക്കിടെയായിരുന്നു ധവാന്‍ സഹതാരങ്ങള്‍ക്ക് പണി കൊടുത്തത്. ഉറങ്ങി കിടക്കുന്ന റാഷിദിനേയും ഷാക്കിബിനേയും മൂക്കില്‍ തോണ്ടി ഉണര്‍ത്തി ശല്യം ചെയ്യുകയായിരുന്നു ധവാന്‍. എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ വീണ്ടും ഉറക്കത്തിലേക്ക് പോകുന്ന താരങ്ങളെ ധവാന്‍ വീണ്ടും ഉണര്‍ത്തും. ഇതെല്ലാം കണ്ട് കൊണ്ട് മറ്റ് താരങ്ങള്‍ ചിരിക്കുന്നതും വീഡിയോയിലുണ്ട്.

വീഡിയോ കാണാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ